Kerala
തീപ്പൊരിയിൽ നിന്ന് തീഗോളം: പുലർച്ചെയെത്തിയ ദുരന്തം കവർന്നത് 110 പേരുടെ ജീവൻ; എട്ട് വർഷം മുമ്പ് കേരളത്തെ നടുക്കിയ പുറ്റിങ്ങൽ ദുരന്തം
Kerala

തീപ്പൊരിയിൽ നിന്ന് തീഗോളം: പുലർച്ചെയെത്തിയ ദുരന്തം കവർന്നത് 110 പേരുടെ ജീവൻ; എട്ട് വർഷം മുമ്പ് കേരളത്തെ നടുക്കിയ പുറ്റിങ്ങൽ ദുരന്തം

Web Desk
|
29 Oct 2024 2:49 AM GMT

വെടിക്കെട്ട് നടത്തു​ന്നതിനിടെ കത്തിച്ച പടക്കങ്ങളിലൊന്നിന്റെ തീപ്പൊരികൾ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു

കോഴിക്കോട്: കേരളത്തെ നടുക്കിയ വെടിക്കെപകടങ്ങളിലൊന്നായിരുന്നു കൊല്ലം ജില്ലയിലെ പുറ്റിങ്ങലിലേത്. പുറ്റിങ്ങൽ ദേവീ ക്ഷേ​ത്രത്തിലെ മീന ഭരണി ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ട് അപകടമാണ് വൻദുരന്തമായി മാറിയത്.

ആ വെടിക്കെട്ടപകടത്തിന്റെ ആഘാതത്തിൽ നിന്ന് എട്ട് വർഷങ്ങൾക്കിപ്പുറവും ആ നാട് കരകയറിയിട്ടില്ല. 2016 ഏപ്രിൽ പത്തിന് പുലർച്ചെ മൂന്നേകാലോടെയു​ണ്ടായ വെടിക്കെട്ടപകടത്തിൽ 110 ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.656 പേർക്കാണ് അന്ന് പരിക്കേറ്റത്. വെടിമരുന്നുകൾ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് നടത്തു​ന്നതിനിടെ കത്തിച്ച പടക്കങ്ങളിലൊന്നിന്റെ തീപ്പൊരികൾ കത്തിക്കാൻ വെച്ചിരുന്ന പടക്കങ്ങളിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ​

കോൺക്രീറ്റ് കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളികളും ഇരുമ്പുകമ്പികളും തെറിച്ചുവീണാണ് പലരും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനൊപ്പം പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

കേരളത്തില്‍ ഇതുവരെയായി 750 ലധികം അപകടങ്ങളാണ് വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായതെന്ന് കണക്കുകൾ പറയുന്നത്. വിവിധ അപകടങ്ങളിലായി നാനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 1952ല്‍ ശബരിമലയില്‍ നടന്ന അപകടത്തില്‍ 68 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1978ല്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടില്‍ കുഴിയമിട്ട് ലക്ഷ്യം തെറ്റി പതിച്ച് 8 പേര്‍ കൊല്ലപ്പെട്ടു.

1984ല്‍ കണ്ടശാം കടവ് പള്ളിപ്പെരുനാളിനോടനുബന്ധിച്ചുണ്ടായ അപകടത്തില് ‍20 പേര്‍ മരിച്ചു. 1987ല്‍ തൃശൂര്‍ വേലൂരിലെ കുട്ടമ്മൂലി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ അപകടത്തില്‍ 20 മരണം.1988 ല്‍ തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് 10 സ്ത്രീ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 1989ല്‍ തൃശൂരിലെ കണ്ടശം കടവ് പള്ളിയില്‍ വീണ്ടും അകടമുണ്ടായി. 12 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.

1990 ല്‍ കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയിലുണ്ടയ അപകടത്തില്‍ 26 പേര്‍ മരിച്ചു. 1997ല്‍ ചിയ്യാരം പടക്കനിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ 6 പേര്‍ മരിച്ചു.98ല്‍ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 13 മരണം. 99 ല്‍ പാലക്കാട് ചമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകത്തില്‍ 8 പേര്‍ മരിച്ചു.2006 ല്‍ തൃശൂര്‍ പൂരത്തിന് തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്തുണ്ടയ അപകടത്തില്‍ 7 മരണം. 2011 ല്‍ ഷൊര്‍ണൂര്‍ ത്രാങ്ങാലിയിലുണ്ടായ അപകടത്തില്‍ 13 ഉം , അത്താണി പടക്ക നിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ 6ഉം ചെര്‍പ്പുളശേരി പന്നിയാംകുറിശിയിലുണ്ടായ അപകടത്തില്‍ 7 പേരും കൊല്ലപ്പെട്ടിരുന്നു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു.

അർദ്ധരാത്രിയിൽ കാസർകോട് വീരർകാവിലെ വെടിപ്പുരക്ക് തീപിടിച്ച് അപകടത്തിൽ 154 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. രാത്രി 12 മണിയോടെയാണ് അപകടം. നൂറ്കണക്കിനാളുകൾ തെയ്യം കാണാൻ കൂടിനിൽക്കുന്നതിനിടയിലാണ് വെടിപ്പുര ഒരു പൊട്ടിത്തെറിയോടെ തീഗോളമായി മാറിയത്. നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്.

Related Tags :
Similar Posts