1000 കോടി അധികമായി പിരിക്കാന്‍ നിർദേശം നൽകിയത് ട്രാൻസ്പോർട്ട് കമ്മീഷണര്‍: വ്യാജമല്ല, ഇതാ രേഖ
|ജോയിന്‍റ് ആര്‍.ടി.ഒ വരെയുള്ള ഉദ്യോഗസ്ഥർക്ക് സർക്കുലർ അയച്ചത് ഫെബ്രുവരി 17നാണ്
തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം 1000 കോടി രൂപ അധികമായി പിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് സര്‍ക്കാരിന്‍റെ നിര്‍ദേശം. ട്രാൻസ്പോർട്ട് കമ്മീഷണര്‍ ജോയിന്‍റ് ആര്‍.ടി.ഒ വരെയുള്ള ഉദ്യോഗസ്ഥർക്ക് സർക്കുലർ അയച്ചത് ഫെബ്രുവരി 17നാണ്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇതോടെ മോട്ടോർ വാഹന വകുപ്പിലെ പിരിവ് സംബന്ധിച്ച ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ വാദം പൊളിയുകയാണ്.
സർക്കുലർ പുറത്തിറക്കിയത് 2022-23 വർഷം എം.വി.ഡി പിരിക്കേണ്ട പുതുക്കിയ ടാർജറ്റ് എന്ന പേരിലാണ്. മോട്ടോർ വാഹന വകുപ്പ് 2022-23 വർഷം സ്വരൂപിക്കേണ്ട തുക 5300.71യാണ്. 2022-23 വർഷത്തേക്ക് ആദ്യം നൽകിയ ടാർജറ്റ് 4138.58 കോടി രൂപയായിരുന്നു. അതായത് ഉദ്യോഗസ്ഥരോട് അധികമായി പിരിക്കാന്‍ ആവശ്യപ്പെട്ടത് 1,162.13 കോടി രൂപയാണ്. ഗതാഗത നിയമ ലംഘനങ്ങൾക്ക് ഒരു മോട്ടോർ ഇൻസ്‌പെക്ടർ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റർ ചെയ്യണമെന്നാണ് അനൗദ്യോഗികമായി നിർദേശിച്ചത്.
അതേസമയം സ്വന്തം വാഹനം പോലും നിരത്തിലിറക്കാൻ കഴിയാത്ത സാമ്പത്തിക സ്ഥിതിയിലാണ് മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമ ലംഘനങ്ങൾ തടയാൻ ഊർജിത പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് മതിയായ പണം നൽകുന്നില്ല. ഡീസൽ അടിക്കാനാകാതെ പലപ്പോഴും വാഹനങ്ങൾ ഒതുക്കിയിടേണ്ട സ്ഥിതി. ഒരു ലക്ഷം രൂപക്ക് മുകളിൽ കുടിശ്ശിക വന്നാൽ പമ്പുകൾ ഇന്ധന വിതരണം നിർത്തും. എറണാകുളം, കൊല്ലം അടക്കം പല ജില്ലകളിലെയും എംവിഡി ഓഫീസുകളുടെ കുടിശ്ശിക പരിധി ഒരു ലക്ഷം കവിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുണ്ടെങ്കിലും എൻഫോഴ്‌സ്‌മെൻറ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലെന്ന് വകുപ്പ് നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചതാണ്. റോഡ് സേഫ്റ്റി പദ്ധതികളെ താളം തെറ്റിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഫണ്ട് ക്ഷാമം. റോഡ് സുരക്ഷക്ക് പ്രാധാന്യം നൽകുന്ന സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നതാണ് മോട്ടോർ വാഹന വകുപ്പിന്‍റെ ആവശ്യം.