Kerala
പ്രവാസികളെ കൈവിടില്ല; പുനരധിവാസത്തിനായി ആയിരം കോടി രൂപയുടെ വായ്പ
Kerala

പ്രവാസികളെ കൈവിടില്ല; പുനരധിവാസത്തിനായി ആയിരം കോടി രൂപയുടെ വായ്പ

Web Desk
|
4 Jun 2021 5:36 AM GMT

പലിശ ഇളവു നൽകുന്നതിനായി 25 കോടി രൂപ വകയിരുത്തി

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിനായി ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ കന്നിബജറ്റ്. ആയിരം കോടി രൂപയുടെ വായ്പാ പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടത്. കുറഞ്ഞ പലിശയ്ക്കാകും വായ്പ ലഭ്യമാക്കുക. പലിശ ഇളവു നൽകുന്നതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കെഎഫ്‌സിയുടെ വായ്പ അടുത്ത അഞ്ചു വർഷം കൊണ്ട് 10,000 കോടിയായി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്. ഈ വർഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്‌സി അനുവദിക്കും. കെഎഫ്‌സിയിൽനിന്ന് വായ്പ എടുത്ത് 2020 മാർച്ചുവരെ കൃത്യമായി തിരിച്ചടച്ചവർക്ക് കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകർക്ക് 20 ശതമാനം വായ്പകൂടി അധികമായി നൽകും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവർക്ക് വായ്പാ തിരിച്ചടവിന് ഒരു വർഷം മൊറട്ടോറിയം അനുവദിക്കും.

കാർഷിക മേഖലയ്ക്ക് രണ്ടായിരം കോടി രൂപയുടെ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷി ഭവനുകളെ സ്മാർട്ട് ആക്കും. ചെറുപ്പക്കാരെ കൃഷിയിലേക്ക് കൂടുതൽ ആകർഷിക്കാമെന്നാണ് കണക്കുകൂട്ടൽ. ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കുന്നതിന് പത്ത് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്രോ പാർക്കുകൾക്കായും പത്തുകോടി അനുവദിച്ചു.

Similar Posts