1000 കോടി പിരിക്കണം; മോട്ടോർവാഹന വകുപ്പിനോട് സർക്കാർ
|സ്വന്തം വാഹനംപോലും നിരത്തിലിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് എം.വി.ഡി. ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഒരു ഇൻസ്‌പെക്ടർ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയായി ഈ വർഷം 1000 കോടി രൂപ പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് മോട്ടോർ വാഹനവകുപ്പ് അനൗദ്യോഗിക നിർദേശം നൽകിയത്. എന്നാൽ 1000 കോടി പിരിക്കണമെന്ന നിർദേശം മോട്ടോർ വാഹന വകുപ്പിന് നൽകിയിട്ടില്ലെന്ന് ധനമന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷം പിഴയിനത്തിൽ വൻതുക ഈടാക്കാനാണ് സർക്കാർ നീക്കം. ഇതിനായി ഒരു മാസം ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ 500 പെറ്റികേസെങ്കിലും എടുക്കണമെന്നാണ് അനൗദ്യോഗിക നിർദേശം. ഇതുവഴി ആയിരം കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിരത്തുകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ ഉടൻ പ്രവർത്തന സജ്ജമാകും. ഇതോടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്താനാകും.
അതേസമയം, സ്വന്തം വാഹനം പോലും നിരത്തിലിറക്കാൻ കഴിയാത്ത സാമ്പത്തിക സ്ഥിതിയിലാണ് മോട്ടോർ വാഹന വകുപ്പ്. ഗതാഗത നയമ ലംഘനങ്ങൾ തടയാൻ ഊർജിത പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും വകുപ്പിൻറെ പ്രവർത്തനങ്ങൾക്ക് മതിയായ പണം നൽകുന്നില്ല. ഡീസൽ അടിക്കാനാകാതെ പലപ്പോഴും വാഹനങ്ങൾ ഒതുക്കിയിടേണ്ട സ്ഥിതി. ഒരു ലക്ഷം രൂപക്ക് മുകളിൽ കുടിശ്ശിക വന്നാൽ പമ്പുകൾ ഇന്ധനവിതരണം നിർത്തും. എറണാകുളം, കൊല്ലം അടക്കം പല ജില്ലകളിലെയും എംവിഡി ഓഫീസുകളുടെ കുടിശ്ശിക പരിധി ഒരു ലക്ഷം കവിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുണ്ടെങ്കിലും എൻഫോഴ്‌സ്‌മെൻറ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലെന്ന് വകുപ്പ് നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചതാണ്. റോഡ് സേഫ്റ്റി പദ്ധതികളെ താളം തെറ്റിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഫണ്ട് ക്ഷാമം. റോഡ് സുരക്ഷക്ക് പ്രാധാന്യം നൽകുന്ന സർക്കാർ കൂടുതൽ ഫണ്ട് അുവദിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നതാണ് മോട്ടോർ വാഹന വകുപ്പിൻറെ ആവശ്യം.