ആയിരം വ്യക്തികളിൽ നിന്ന് മാസം ആയിരം രൂപ വീതം; ദാരിദ്ര്യം തുടച്ച് നീക്കുകയാണ് എടത്തനാട്ടുകര
|പ്രളയകാലത്ത് ഭക്ഷണ വിതരണം നടത്തിയാണ് എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ രൂപം കൊണ്ടത്
പാലക്കാട്: എടത്തനാട്ടുകര ഗ്രാമം മാതൃകയാവുകയാണ്. നാട്ടുകാരുടെ ശ്രമഫലമായി എടത്തനാട്ടുകരയിലെ ദാരിദ്രം തുടച്ച് നീക്കനാണ് ശ്രമം. ആയിരം വ്യക്തികളിൽ നിന്നും ഒരോ മാസവും ആയിരം രൂപ സ്വരൂപിച്ചാണ് വീട് നിർമ്മാണം ഉൾപ്പെടെയുളള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രളയകാലത്ത് ഭക്ഷണ വിതരണം നടത്തിയാണ് എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ രൂപം കൊണ്ടത്. തങ്ങളുടെ ഗ്രാമത്തിൽ വീടില്ലാത്ത നിരവധി കുടുംബങ്ങൾ ഉണ്ടെന്ന തിരിച്ചറിവാണ് എടത്തനാട്ടുകര സ്വപ്ന ഭവന പദ്ധതി എന്ന ആശയത്തിലേക്ക് നയിച്ചത്. രാഷ്ട്രീയത്തിനതീതമായി ജനസേവനത്തെ കാണുന്ന എടത്തനാട്ടുകരക്കാർക്ക് പണം കണ്ടെത്തുക അത്ര പ്രയാസമായില്ല.
ഒരോ മാസവും 10 ലക്ഷം രൂപയാണ് പിരിച്ചെടുക്കുന്നത്. 25 വീടുകളിൽ പലതിന്റെയും പണി തുടങ്ങി. സ്വപ്ന ഭവന പദ്ധതി കൂടാതെ നേരത്തെയും വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് അപേക്ഷകരിൽ നിന്നും അർഹരായവരെ തെരഞ്ഞെടുക്കുന്നത്.
വീട് നിർമ്മാണത്തിനായി ഒരോ പ്രദേശത്തും പ്രത്യേകം കമ്മറ്റികൾ ഉണ്ടാക്കും. ഇവരാണ് വീട് നിർമ്മാണത്തിന്റെ പുരോഗതി പരിശോധിക്കുക. ചികിത്സ സഹായം , വിദ്യാഭ്യാസ സഹായം തുടങ്ങി നിരവധി സേവനങ്ങളും ചെയ്ത് വരുന്നു. ചാരിറ്റി കൂട്ടായ്മക്ക് ആംബുലൻസും ഉണ്ട്. + 2 പൂർത്തിയാക്കിയ വിദ്യാത്ഥികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായവും ഈ നാട് തന്നെ നിർവ്വഹിക്കും