മണ്ഡലകാലം; 1000 സ്പെഷ്യൽ പൊലീസിനെ നിയമിക്കും
|പൊലീസുകാർക്കുളള മെസ് ഫീസും സർക്കാർ ഏറ്റെടുത്തു
പത്തനംതിട്ട: ശബരിമല മണ്ഡലകാലത്ത് 1000 സ്പെഷ്യൽ പൊലീസിനെ നിയമിക്കാനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശക്ക് സർക്കാർ അനുമതി നൽകി. വനിതകൾ അടക്കമുള്ളവരെ താല്കാലികമായാണ് നിയമിക്കുക. 660 രൂപ ദിവസവേതനത്തിന്റെ അടിസ്ഥാനത്തിൽ 60 ദിവസത്തേക്കാണ് നിയമനം.
കൂടാതെ, ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുളള മെസ് ഫീസും സർക്കാർ ഏറ്റെടുത്തു. ഇതിനായി രണ്ട് കോടി 87 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പൊലീസുകാരിൽ നിന്ന് തുക ഈടാക്കി മെസ് നടത്താനുള്ള ആഭ്യന്തര സെക്രട്ടറിയുടെ മുൻ ഉത്തരവ് പിൻവലിച്ചുകൊണ്ടാണ് നടപടി.
ഇതിനിടെ ശബരിമലയിലെ കൈപ്പുസ്തകം പിൻവലിച്ചു. പൊലീസുകാര്‍ക്ക് നൽകിയ പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം വിവാദമായതോടെയാണ് പിൻവലിച്ചത്. സുപ്രിംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന കൈപ്പുസ്തകത്തിലെ നിർദ്ദേശമാണ് വിവാദമായത്. ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാൽ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അതേസമയം തീർഥാടനം ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ പ്രധാന ഇടത്താവളങ്ങളായ പമ്പയും നിലക്കലും ഭക്തരാല്‍ തിങ്ങി നിറഞ്ഞിരുന്നു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇത്രയും സജീവമായ ഭക്തജന തിരക്ക് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. വെർച്വല്‍ ക്യൂ പരിശോധനയ്ക്ക് പമ്പയിലും സ്പോട്ട് ബുക്കിങ്ങിന് നിലയ്ക്കലുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.