നാലു മാസത്തിൽ 10,000 മാത്രം; പണം പിൻവലിക്കാൻ നിബന്ധനകൾ കടുപ്പിച്ച് കരുവന്നൂർ ബാങ്ക്
|നിത്യവൃത്തിക്കും മരുന്നിനും കാശില്ലാതെ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്നത്
തൃശൂര്: കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപിക്കുന്നവർക്കും ഒറ്റത്തവണ പിൻവലിക്കാനാകുക 10,000 രൂപ മാത്രം. അതും ടോക്കൺ ഉള്ളവർക്ക് മാത്രമാണ് പണം നൽകുക. തിയതി എഴുതി ബാങ്ക് നൽകുന്ന സ്ലിപ്പുമായി എത്തിയാൽ മാത്രം പണം ലഭിക്കും. ലക്ഷങ്ങൾ നിക്ഷേപമുള്ളവരും പണം വാങ്ങുന്നത് മണിക്കൂറുകൾ വരി നിന്നെടുത്ത ടോക്കൺ കാണിച്ചാണ്. അതുകൊണ്ട് തന്നെ നിത്യവൃത്തിക്കും മരുന്നിനും കാശില്ലാതെ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്നത്. മെഡിക്കൽ രേഖകൾ കാണിച്ചാലും കൂടുതൽ പണം നൽകാനാവില്ലെന്നാണ് നിബന്ധന.
ഏഴര ലക്ഷത്തിലധികം രൂപ ബാങ്കിൽ നിക്ഷേപമുള്ളപ്പോഴാണ് മാപ്രണം സ്വദേശി പുഷ്പരാജ് ഭാര്യയുടെ കണ്ണ് ശസ്ത്രക്രിയക്കായി തുക പിൻവലിക്കാൻ ബാങ്കിനെ സമീപിച്ചത്. എന്നാൽ സ്ഥിരം പല്ലവിയായ പതിനായിരം രൂപയായിരുന്നു മറുപടി. കഴിഞ്ഞ ഏപ്രിൽ പതിനായിരം കിട്ടി. ഓഗസ്റ്റിലാണ് അടുത്ത ഊഴം. പ്രവാസി ആയിരുന്ന കാലത്തുള്ള സമ്പാദ്യത്തിന്റെ മിച്ചം പിടിച്ച തുകക്ക് ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് പുഷ്പരാജൻ ചോദിക്കുന്നത്. ദൈനംദിന ജീവിതത്തിലെ പല ആവശ്യങ്ങൾക്കും വഴിമുട്ടി നൂറു കണക്കിന് നിക്ഷേപകരാണ് കരുവന്നൂർ ഉള്ളത്.
അതേസമയം കരുവന്നൂർ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ്.
ബാങ്ക് ഭരണസമിതി അംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപങ്ങളിൽ നിന്ന് 300 കോടിയിലേറെ തട്ടിയെടുത്തു എന്ന് കരുവന്നൂർ ബാങ്കിനെ കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു. തട്ടിയെടുത്ത തുക റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിച്ചു എന്നും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ കോടതിയെ സമീപിച്ചത്.