നാല് വര്‍ഷത്തിനിടെ പൊലിഞ്ഞത് 12 ജീവനുകള്‍; ഇത് പ്രണയമല്ല, ക്രൂരമായ കൊലപാതകങ്ങള്‍...!
|പ്രണയ ബന്ധങ്ങളിൽ ഉണ്ടാകാനിടയുള്ള അകൽച്ചയെ തിരിച്ചറിഞ്ഞു മനസിനെ പാകപ്പെടുത്താൻ യുവതലമുറ പരാജയപ്പെടുന്നതിൻറെ തെളിവാണ് ക്രൂരകൃത്യത്തിൻറെ കണക്കിലുള്ള കനം.
പ്രണയ നൈരാശ്യം കൊലപാതകത്തിൽ കലാശിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ മാത്രം 12 കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. വിദ്യാർഥികൾക്കിടയിൽ കൗൺസിലിങ് വേണമെന്ന ആവശ്യമാണ് മാനസികാരോഗ്യ വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. പ്രണയ ബന്ധങ്ങളിൽ ഉണ്ടാകാനിടയുള്ള അകൽച്ചയെ തിരിച്ചറിഞ്ഞു മനസിനെ പാകപ്പെടുത്താൻ യുവതലമുറ പരാജയപ്പെടുന്നതിന്‍റെ തെളിവാണ് ക്രൂരകൃത്യത്തിന്‍റെ കണക്കിലുള്ള കനം. പ്രണയബന്ധങ്ങളുടെ പേരിൽ സംസ്ഥാനത്ത് കഴിഞ്ഞ നാലുവർഷം കൊണ്ട് പൊലിഞ്ഞത് 12 വനിതകളുടെ ജീവനാണ്.
പ്രണയാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ കോതമംഗലത്ത് മാനസയെ കൊലപ്പെടുത്താന്‍ തോക്കെടുത്തത് രഖിൽ എന്ന യുവാവാണ്, കരുതിക്കൂട്ടിയുള്ള കൊലപാതകം. തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണ് അവള്‍ മരിച്ചു. പിന്നാലെ പ്രതിയുടെ ആത്മഹത്യയും. മാനസയുടെ കൊലപാതകത്തിന്‍റെ രക്തക്കറ ഉണങ്ങും മുമ്പേയാണ് പാലായിൽ നിധിനമോളുടെ കഴുത്തിൽ അഭിഷേകിന്‍റെ കൊലക്കത്തി വീണത്.
ജൂലൈ 17നാണു മലപ്പുറം പെരിന്തൽമണ്ണയിൽ ദൃശ്യ എന്ന പെൺകുട്ടിയെ വിനേഷ് വിനോദ് എന്ന 21 കാരൻ വീട്ടിൽ അതിക്രമിച്ചു കയറി കുത്തികൊലപ്പെടുത്തിയത്. പ്രണയം നിരസിച്ചുവെന്ന കാരണത്തിനായിരുന്നു വിനേഷ് ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടാക്കി അതിക്രൂരമായി കൊന്നത്.
പ്രണയാഭ്യർത്ഥന നിരസിച്ചതിന്‍റെ പേരിൽ 2019ലാണ് കവിത എന്നപെൺകുട്ടി തിരുവല്ലയിൽ നടുറോഡിൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. അജിൻ റെജി മാത്യു എന്ന പ്രതി കവിതയെ വയറ്റിൽ കുത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. റേഡിയോളജി കോഴ്‌സ് പഠിക്കുകയായിരുന്ന കവിതയെ കോളേജിലേക്ക് പോകുന്ന വഴിക്ക് നടുറോഡില്‍ വെച്ചാണ് അജിന്‍ ക്രൂരമായി ആക്രമിച്ചത് കൊലപ്പെടുത്തിയത്.
2019ല്‍ ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നത് സഹപ്രവർത്തകനായ അജാസായിരുന്നു . ഗുരുതരമായി പൊള്ളലേറ്റ അജാസും പിന്നീട് മരണത്തിനു കീഴടങ്ങി. മാവേലിക്കര വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വടിവാളുകൊണ്ടു വെട്ടിയതിന് ശേഷമാണ് അജാസ് സൗമ്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
പ്രണയത്തിന്‍റെ കൊടും പകയിൽ ചിറകറ്റ ജീവനുകളുടെ ഔദ്യോഗിക കണക്കുകള്‍ ഇങ്ങനെയാണ്. 2017- 3, 2019- 5, 2020-2 , 2021-2 ജീവനുകൾ . രേഖകളില്‍പ്പെടാത്ത കണക്കുകള്‍ ഇതിലും അമ്പരിപ്പിക്കുന്നതെന്നാണെന്ന് സ്‌ത്രീ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകൾ പറയുന്നത്. .
പ്രണയബന്ധം ഉലഞ്ഞുപോകുന്നതോടെ സ്വയം ഇല്ലാതായ സ്ത്രീകളുടെ എണ്ണവും വർധിച്ചു . 2017 ൽ 80 പേർ , 18 ൽ 76, 19 ൽ 88 , 2020 ൽ 96 എന്നിങ്ങനെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത് . പ്രണയിക്കുന്ന പങ്കാളി തന്‍റേതുമാത്രം ആകണമെന്ന അതിവൈകാരികതയാണ് പലപ്പോഴും ദുരന്ത കഥകളിലേക്ക് എത്തുക. ഉത്തമമായ മാനസികാരോഗ്യം ചെറുപ്രായത്തിലേ മലയാളി ആർജ്ജിക്കേണ്ടതുണ്ടെന്നു മനഃശാസ്ത്ര ലോകം അടിവരയിട്ടു പറയുന്നു .