കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 12കാരന്റെ നില അതീവഗുരുതരം
|മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ആശുപത്രിയിലെത്തി കുട്ടിയുടെ ബന്ധുക്കളെ സന്ദർശിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ള 12 വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടി അഞ്ചുദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ആശുപത്രിയിലെത്തി കുട്ടിയുടെ ബന്ധുക്കളെ സന്ദർശിച്ചു. 2 മാസത്തിനിടെ കേരളത്തിൽ മൂന്ന് പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്.
കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ എട്ടാം ക്ലാസുകാരന് ഫാറൂഖ് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു.
കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്ളോറിനേഷൻ ചെയ്‌ത് അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും നിർദേശിച്ചു. നിലവിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ കാണാത്തത് ആശ്വാസകരമാണ്.