രമയ്‍ക്കൊപ്പം ഉമയും; നിയമസഭയിലെ ട്വല്‍ത്ത് വുമണ്‍
|സൈബര്‍ ആക്രമണങ്ങളെ കൂടി നേരിട്ടാണ് ഇരുവരും നിയമസഭയിലെത്തുന്നത്
തിരുവനന്തപുരം: നിയമസഭയിലെ പന്ത്രണ്ടാമത്തെ വനിത എം.എല്‍.എ ആയി എത്തുകയാണ് ഉമ തോമസ്. യു.ഡി.എഫിന് രണ്ടാമത്തെ എം.എല്‍.എയും. കെ.കെ രമയ്ക്കൊപ്പം ഇനി ഉമ തോമസും പ്രതിപക്ഷ നിരയിലെ വനിത കരുത്താകും. സൈബര്‍ ആക്രമണങ്ങളെ കൂടി നേരിട്ടാണ് ഇരുവരും നിയമസഭയിലെത്തുന്നത്.
പി.ടി തോമസിന്‍റെ വിയോഗത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഉമ തോമസെന്ന പേര് തൃക്കാക്കരയിലെങ്ങും ആഞ്ഞടിച്ചു. പി.ടിയുടെ മണ്ണില്‍ സാന്നിധ്യമുറപ്പിച്ച ഉമ തോമസ് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു.ഡി.എഫ് ക്യാമ്പിനെ പോലും ഞെട്ടിച്ചു. ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസുകളുണ്ടോ എന്ന ചോദ്യം പോലെ തൃക്കാക്കരയില്‍ സ്വപ്ന തുല്യമായ ജയം. ഇനി യു.ഡി.എഫിന്‍റെ ബഞ്ചില്‍ ടി.പിയുടെ രമയ്ക്കൊപ്പം പി ടി യുടെ ഉമയും. ഉമ തോമസ് നിയമസഭയിലെത്തുമ്പോള്‍ ഇരുവരും തമ്മില്‍ പല സാമ്യങ്ങളും കാണാം. ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് ശേഷം ഏറ്റെടുക്കേണ്ടി വന്നതാണ് കെ.കെ രമയ്ക്ക് വടകരയിലെ സ്ഥാനാര്‍ത്ഥിത്വം.
വിവാഹത്തോടെ മാറി നിന്നിരുന്ന സജീവ രാഷ്ട്രീയത്തിലേക്ക് ഉമ തോമസെത്തുന്നതും പി.ടി തോമസിന്‍റെ മരണ ശേഷം. സൈബര്‍ ആക്രമണങ്ങളെ നേരിട്ടാണ് രണ്ട് പേരും മുന്നോട്ട് നടന്നതും നടക്കുന്നതും. തൃക്കാക്കരയിലെ വിജയത്തിന് പിന്നില്‍ ഉമയ്ക്കൊപ്പം കെ.കെ രമയുമുണ്ടായിരുന്നു. 2016ല്‍ ഒരു വനിതയെ പോലും നിയമസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ കഴിഞ്ഞിരുന്നില്ല.
പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ സഭയിലെത്തിയെങ്കിലും 2021ലും കോണ്‍ഗ്രസ് പഴയ പടി. വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിലൂടെ മിന്നുന്ന ജയത്തിലൂടെ കോണ്‍ഗ്രസ് അതും മറികടന്നു. ഉമ തോമസ് ഇനി നിയമസഭയിലെ ട്വല്‍ത്ത് വുമണ്‍