നെടുമ്പാശേരിയിൽ 13 വിമാനസർവീസുകൾ റദ്ദാക്കി; എട്ട് വിമാനങ്ങൾ വൈകും
|മൈക്രോസോഫ്റ്റ് പണിമുടക്കിയതിന് പിന്നാലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രതിസന്ധി
കൊച്ചി: മൈക്രോസോഫ്റ്റ് പണിമുടക്കിയതിന് പിന്നാലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പ്രതിസന്ധി. പതിമൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. എട്ട് വിമാനങ്ങൾ വൈകി.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെ വിമാനക്കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ ഉൾപ്പെടെ തടസപ്പെട്ടിരുന്നു. നെടുമ്പാശേരിയിൽ നിന്നുള്ള 13 വിമാനസർവീസുകളാണ് റദ്ദാക്കിയത്. എട്ട് വിമാനങ്ങൾ വൈകുമെന്നും അധികൃതർ അറിയിച്ചു.
ഇൻഡിഗോ വിമാനങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു രാജ്യാന്തര സർവീസും ആകാശ് എയറിന്റെ ഒരു ആഭ്യന്തര സർവീസും വൈകുമെന്നും അറിയിപ്പുണ്ട്. ഇൻഡിഗോയുടെ മൂന്ന് ഹൈദരാബാദ് സർവീസുകളും മൂന്ന് ബെംഗളൂരു സർവീസുകളും ഇവയുടെ മടക്കയാത്രയും, എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു ബെംഗളൂരു സർവീസുമാണ് നിലവിൽ റദ്ദാക്കിയിട്ടുള്ളത്.
ഇൻഡിഗോയുടെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കണ്ണൂർ, ചെന്നൈ, അഹമ്മദാബാദ് വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ വിമാനവും ആകാശ് എയറിന്റെ മുംബൈ വിമാനവുമാണ് നിലവിൽ വൈകിയിയിട്ടുള്ളത്. രണ്ടുമണിക്കൂർ വൈകുമെന്നാണ് യാത്രക്കാർക്ക് അധികൃതർ നൽകിയിരിക്കുന്ന വിവരം.