വയനാട്ടിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു; യുവാവിനെ കൊന്നത് 13 വയസ്സുള്ള ആണ്‍കടുവ
|വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം ഇന്നെത്തും
വയനാട്: വയനാട്ടിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് യുവാവിനെ ആക്രമിച്ച് കൊന്നത്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിലുള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണിതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
പൂതാടി മൂടക്കൊല്ലിയിൽ മരോട്ടിപ്പറമ്പിൽ പ്രജീഷ് (36) എന്ന ക്ഷീരകർഷകൻ സ്വകാര്യഭൂമിയിൽ പുല്ലരിയാൻ പോയപ്പോഴാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ആശങ്ക ഉയർത്തുകയാണ്. വനംവകുപ്പ് പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, വാകേരിയിലെ കടുവയെ പിടികൂടാനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം ഇന്ന് വയനാട്ടിലെത്തും. കൂടുതൽ തോക്കുകളും ക്യാമറകളും വനം വകുപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസം കോഴി ഫാമിനടുത്ത് കണ്ടതടക്കം പ്രദേശത്ത് കണ്ട എല്ലാ കാൽപാടുകളും ഒരേ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. രാപകൽ വ്യതാസമില്ലാതെ കൊലയാളി കടുവ നാട്ടിലിറങ്ങുന്നതിൽ പ്രദേശവാസികൾആശങ്കയിലാണ് . ആശങ്ക വേണ്ടെന്നും കടുവയെ കൊല്ലേണ്ടി വന്നാൽ കൊല്ലുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.