Kerala
14 colleges under MG University under threat of closure
Kerala

പഠിക്കാൻ ആളില്ല; എം.ജി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 14 കോളജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

Web Desk
|
2 July 2024 4:41 AM GMT

മധ്യകേരളത്തിൽ വിദ്യാർഥികളുടെ വിദേശത്തേയ്ക്കുള്ള ഒഴുക്ക് വ്യക്തമാക്കുന്നതാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കോളജുകളുടെ എണ്ണം.

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 14 കോളജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. മധ്യകേരളത്തിൽ വിദ്യാർഥികളുടെ വിദേശത്തേയ്ക്കുള്ള ഒഴുക്ക് വ്യക്തമാക്കുന്നതാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കോളജുകളുടെ എണ്ണം. ഇടുക്കി ജില്ലയിൽ ഗിരിജ്യോതി കോളജ്, തൊടുപുഴ ഗുരുനാരായണ, കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ കോളജ് എന്നിവയാണ് പട്ടികയിലുള്ളത്. സി.ഇ.ടി കോളജ് പെരുമ്പാവൂർ, മേരിഗിരി കോളജ് കൂത്താട്ടുകുളം, ശ്രീധർമശാസ്താ കോളജ് നേര്യമംഗലം എന്നിവ എറണാകുളം ജില്ലയിലും പൂട്ടും.

കോട്ടയത്ത് ഗുഡ്‌ഷെപ്പേർഡ് കോളജ്, ഷേർമൗണ്ട് കോളജ് എരുമേലി, ശ്രീനാരായണ പരമഹംസ കോളജ് പൂഞ്ഞാർ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പോരുകര കോളജ് ചമ്പക്കുളം, ശ്രീനാരായണ കോളജ് കുട്ടനാട് എന്നിവ ആലപ്പുഴ ജില്ലയിലും ശബരി ദുർഗാ കോളജ്, ശ്രീനാരായണ കോളജ് തിരുവല്ല എന്നിവ പത്തനംതിട്ടയിലും പൂട്ടുന്ന കോളേജുകളുടെ പട്ടികയിൽ ഉൾപെടുന്നു. ആവശ്യമായ കോഴ്‌സുകളുടെ കുറവ്, കോളജുകളുടെ നിലവാരം, അംഗീകാരം തുടങ്ങിയ നിരവധി ഘടകങ്ങൾ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ കാരണമായി. ഇതോടെ കോളജുകൾ പൂട്ടുന്നതിന് അധികൃതർ യൂണിവേഴ്‌സിറ്റിയുടെ അനുമതി തേടുകയായിരുന്നു.

അതേസമയം പുറത്തുവന്ന 14 കോളജുകളുടെ എണ്ണം സങ്കേതിക കണക്ക് മാത്രമാണെന്ന് കോളജ് അഫ്‌ലിയേഷൻ കമ്മിറ്റി വ്യക്തമാക്കി. 2018 മുതൽ വിവിധ കാരണങ്ങളാൽ കോഴ്‌സുകൾ ഇല്ലാതായതാണ് കോളജുകൾ അടക്കാൻ ഇടയാക്കിയത്. കോളജുകൾ പൂട്ടുകയെന്നത് സർവകലാശാലയുടെ നയമല്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു.

Similar Posts