ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി; ചുമതലയിലുള്ളത് 1250 അംഗ പൊലീസ് സേന
|പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് റവന്യൂ അധികൃതരും മുൻകരുതലെടുത്തിട്ടുണ്ട്
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. സന്നിധാനത്തും പരിസരത്തും 1250 അംഗ പൊലീസ് സേനയാണ് ചുമതലയിലുള്ളത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് റവന്യൂ അധികൃതരും മുൻകരുതലെടുത്തിട്ടുണ്ട്.
കനത്ത മഴയിലും സന്നിധാനത്ത് ഇന്നലെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ വരും ദിവസങ്ങളിലും തിരക്കേറാനാണ് സാധ്യത കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ വരും ദിവസങ്ങളിലും തിരക്കേറാനാണ് സാധ്യത. ഒരു എസ്.പിയുടെയും 12 ഡി.വൈ.എസ്. പിമാരുടെയും നേതൃത്വത്തിൽ 980 പൊലീസ് സേനാംഗങ്ങൾ ആദ്യ ഘട്ടത്തിൽ സേവനം അനുഷ്ടിക്കും. തിരക്കേറുന്ന മുറയ്ക്ക് അംഗബലം കൂട്ടും. കൂടാതെ വിവിധ ഇടങ്ങളിൽ 76 നിരീക്ഷണ കാമറകളും ഉണ്ടാകും. നിലയ്ക്കലും വടശേരിക്കരയിലും താൽകാലിക പൊലീസ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്.
പമ്പയിലും നിലയ്ക്കലും എസ്.പി റാങ്കുള്ള ഉദ്യോഗസ്ഥർക്കാണ് ചുമതല. നിലയ്ക്കലിൽ നിന്നു പമ്പയിലേക്കും തിരിച്ചും കെ.എസ്.ആര്.ടി.സി ബസുകളുടെ സർവീസ് സ്പെഷ്യൽ ഓഫീസർമാർ നിരീക്ഷിക്കും. സന്നിധാനത്ത് ഒരേ സമയം 2 ലക്ഷം തീർഥാടകരെയെ അനുവദിക്കു . തിരക്കേറിയാൽ നിർദിഷ്ട ഇടങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രിക്കും. കനത്ത മഴ പരിഗണിച്ച് മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങൾ റവന്യു അധികൃതർ നേരത്തെ കണ്ടെത്തി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് ദുരന്ത നിവാരണ സേനാംഗങ്ങളെയും വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.