ആശങ്ക അകലുന്നു; 15 പേര്‍ക്കു കൂടി നിപയില്ലെന്ന് സ്ഥിരീകരിച്ചു
|നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ കൂടി നിപ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്തുവന്നത്.
സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.
പുറത്ത് വരുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ വലിയ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. റൂട്ടുമാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കാത്തത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.
ആടിന്‍റെയും വവ്വാലുകളുടെയും സാമ്പിളുകള്‍ ഭോപ്പാലിലേക്കയക്കും
നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്പിളുകൾ ഇന്ന് ഭോപ്പാലിലേക്കയച്ചേക്കും. ആടിന്‍റെയും വവ്വാലുകളുടെയും സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. ആടിന്‍റെ 23 രക്തസാമ്പിളുകളും വവ്വാലിന്‍റെ 5 ജഡങ്ങളും 8 സ്രവ സാമ്പിളുകളുമാണ് മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുള്ളത്. രണ്ട് സെറ്റ് റമ്പൂട്ടാൻ പഴങ്ങളുമുണ്ട്. ഇന്നലെ സാമ്പിളുകൾ അയയ്ക്കാനായിരുന്നു തീരുമാനമെങ്കിലും സാധിച്ചില്ല. ഇന്ന് വിമാനമാർഗം കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്. കാട്ടുപന്നികളെ തൽക്കാലം വെടിവെച്ച് പിടിക്കേണ്ടെന്നാണ് തീരുമാനം. നിപ വൈറസ് ബാധിച്ച് കാട്ടുപന്നികൾ ചത്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് വനം വകുപ്പ്. അങ്ങനെ കണ്ടെത്തിയാൽ മാത്രം പന്നികളെ പിടികൂടി പരിശോധിച്ചാൽ മതിയെന്നാണ് തീരുമാനം