സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് 155 കോടി കോവിഡ് ധനസഹായമായി നൽകി: മന്ത്രി
|'തിരുവിതാംകൂർ ദേവസ്വം ബോർഡിന് 110 കോടി രൂപയുടെ ധനസഹായം ഗഡുക്കളായി അനുവദിച്ചു'
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് 155.15 കോടി രൂപ ധനസഹായമായി നല്‍കിയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്.
കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്ക് കോവിഡ് പാക്കേജ് ആയി സർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടർന്ന് അടച്ച് പൂട്ടപ്പെട്ട ആരാധനാലയങ്ങൾ വരുമാനമില്ലാതെ കഷ്ടത അനുഭവിച്ച ഘട്ടത്തിൽ സംസ്ഥാന സർക്കാർ എന്തെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്ന അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് 110 കോടി രൂപയുടെ ധനസഹായം ഗഡുക്കളായി അനുവദിച്ചിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന് 25 കോടിയും മലബാർ ദേവസ്വം ബോർഡിന് 20 കോടിയും കൂടുതൽ മാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപയും അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.