Kerala
സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാംപുകൾ; 5168 പേരെ മാറ്റിപ്പാർപ്പിച്ചു
Kerala

സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാംപുകൾ; 5168 പേരെ മാറ്റിപ്പാർപ്പിച്ചു

Web Desk
|
3 Aug 2022 1:30 PM GMT

കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗിക നാശവുമുണ്ടായി

തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്ത് 178 ക്യാംപുകൾ തുറന്നു. 5168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രൂക്ഷ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗിക നാശവുമുണ്ടായി. മഴക്കെടുതിയിൽ ഇന്ന് മൂന്നു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തുടനീളം മഴക്കെടുതിയിൽ ആകെ 15 ജീവനുകളാണ് ഇതുവരെ നഷ്ടപ്പെട്ടിട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ മഴസാധ്യത പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളും ആണ് അതിശക്തമായ മഴ, ഓറഞ്ച് അലേർട്ട് പ്രഖ്യപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. മുന്നറിയിപ്പുകൾ ഗൗരവമായി കാണുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും തയ്യാറാകണം.

അണക്കെട്ടുകളിൽ ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി(ഇടുക്കി), പൊന്മുടി(ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ(പത്തനംതിട്ട) എന്നിവയിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം, നെയ്യാർ(അരുവിപ്പുറം), മണിമല (കല്ലൂപ്പാറ), കരമന (വെള്ളൈകടവ്), ഗായത്രി(കൊണ്ടാഴി), മണിമല(പുലകയർ) അച്ചൻകോവിൽ(തുമ്പമൺ), തൊടുപുഴ(മണക്കാട്), മീനച്ചിൽ(കിടങ്ങൂർ), പമ്പ(മാടമണ്) എന്നീ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേരളത്തിൽ ഓഗസ്റ്റ് 4 വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ആയതിനാൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുകൾ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിൽ വെക്കേണ്ടതാണ്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ ടീമുകളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,കോട്ടയം, കാസർകോട് എന്നീ ജില്ലകളിലും തൃശൂർ ജില്ലയിൽ രണ്ടു ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഡിഫെൻസ് സെക്യൂരിറ്റി കോപ്‌സിന്റെ രണ്ടു യൂണിറ്റ് കണ്ണൂർ, പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജരാണ്. പൊലീസ്, ഫയർഫോഴ്‌സ്, സന്നദ്ധസേന, സിവിൽ ഡിഫെൻസ് വളന്റീയർസ് എന്നിവരെയും എല്ലാ ജില്ലകളിലും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

178 relief camps in the state; 5168 people have been relocated

Similar Posts