'അവരൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞ് ഇപ്പൊ ഇവിടെ കണ്ടേനെ..'; പരവൂരിൽ പതിനെട്ടുകാരന്റെ മരണകാരണം ചികിത്സാപിഴവെന്ന് കുടുംബം
|ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ ഓട്ടോ ഓടിക്കാൻ പോയെന്നാണ് കുടുംബം പറയുന്നത്
കൊല്ലം: പരവൂരിൽ ഷോക്കേറ്റ പതിനെട്ടുകാരൻ മരിക്കാൻ കാരണം ചികിത്സ നൽകാത്തതും ആംബുലൻസ് വൈകിപ്പിച്ചതുമെന്ന് കുടുംബത്തിന്റെ ആരോപണം. നെടുങ്ങോലം താലൂക്ക് ആശുപത്രിക്ക് എതിരെയാണ് പരാതി. കഴിഞ്ഞ ദിവസമാണ് പുക്കുളം സ്വദേശി അജിത് കുമാർ ഷോക്കേറ്റ് മരിച്ചത്. വലിയ പ്രതീക്ഷയുടെ വളർത്തിയ അജിത് കുമാറിന്റെ ജീവനാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്. അടുത്ത ദിവസം തുടർപഠനത്തിന് മലപ്പുറത്തേക്ക് പോകാനിരിക്കുകയാണ് മരണം.ഷോക്കേറ്റ അജിത്തിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകിയില്ല എന്നാണ് പരാതി. ഒരു മണിക്കൂറിനു ശേഷം കൊട്ടിയത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ സ്വകാര്യ ആവശ്യങ്ങൾക്ക് പോയതാണ് ആംബുലൻസ് നല്‍കാത്തതിന് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. ആംബുലൻസ് ഡ്രൈവർ ഓട്ടോ ഓടിക്കാൻ പോയെന്നാണ് കുടുംബം പറയുന്നത്. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകി. പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്ക് മാർച്ച് നടത്തി. വീഴ്ച ഉണ്ടായിട്ടില്ല എന്നതാണ് ആശുപത്രിയുടെ വാദം. പരാതി അന്വേഷിക്കുമെന്ന് ഡി.പി.എം അറിയിച്ചു. ആരോഗ്യമന്ത്രി ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് കുടുംബത്തിന്റെ അഭ്യർഥന.