മലയാളിയെ വിവാഹം ചെയ്ത യുക്രേനിയൻ യുവതിയടക്കം 180 പേർ കൊച്ചിയിലെത്തി
|അവസാന ദിവസങ്ങളിൽ യുദ്ധം രൂക്ഷമായത് പ്രയാസങ്ങളുണ്ടാക്കിയെങ്കിലും നാട്ടിലെത്തിയതോടെ ആശ്വാസമായതായി വിദ്യാർഥികൾ
മലയാളിയെ വിവാഹം ചെയ്ത യുക്രേനിയൻ യുവതിയും കുഞ്ഞുമടക്കം 180 പേർ യുക്രൈനിലെ യുദ്ധമേഖലയിൽ നിന്ന് കൊച്ചിയിലെത്തി. 165 വിദ്യാർഥികൾ അടക്കം 180 പേർ ഇന്നലെ രാത്രി ചാർട്ടേഡ് വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. യുദ്ധം രൂക്ഷമായ സുമിയിൽ നിന്നുള്ള 172 പേരും ഖാർക്കീവിൽ നിന്നെത്തിയ എട്ടു പേരും ഉൾപ്പെടെ 180 പേരാണ് ഇന്നലെ രാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയത്. യുദ്ധഭൂമിയിൽ നിന്നെത്തിയ 41 പേർ മറ്റ് വിമാനങ്ങളിലായും ഇന്നലെ കൊച്ചിയിലെത്തി. അവസാന ദിവസങ്ങളിൽ യുദ്ധം രൂക്ഷമായത് പ്രയാസങ്ങളുണ്ടാക്കിയെങ്കിലും നാട്ടിലെത്തിയതോടെ ആശ്വാസമായതായി വിദ്യാർഥികൾ പ്രതികരിച്ചു.
യുക്രൈനിലെ യുദ്ധമുഖത്ത് നിന്ന് ഭാര്യയ്ക്കും കൈക്കുഞ്ഞിനും ഒപ്പം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് എറണാകുളം സ്വദേശി റമീഷ് ജോസഫ്. റമീഷിന്റെയും യുക്രൈൻ സ്വദേശിയായ വിക്ടോറിയയുടെയും പ്രണയ വിവാഹം നടന്നത് മൂന്ന് വർഷം മുമ്പാണ്. കൈക്കുഞ്ഞുമായി യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് ഒപ്പമായിരുന്നു ഇരുവരും ഡൽഹിയിൽ എത്തിയത്. കേരളത്തിലെത്തിയതിലുള്ള സന്തോഷം വിക്ടോറിയയും പങ്ക് വെച്ചു. നാട്ടിലെത്തിയവരെ സ്വീകരിക്കാൻ മാതാപിതാക്കളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു.
180 people including a Ukrainian woman who married a Malayalee came to Kochi