പി.വി.അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടീസ് അയച്ചു
|താമരശ്ശേരി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന ലാൻഡ് ബോര്‍ഡ് സിറ്റിങ്ങിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയുടെ കൈവശം 19 ഏക്കര്‍ അധികഭൂമിയുണ്ടെന്ന് ലാന്‍റ് ബോര്‍ഡ്. 2007 മുതൽ അൻവർ ഭൂമി കൈവശം വെക്കുന്നുണ്ടെന്നും ലാന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കാന്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് നോട്ടീസയച്ചു.
പി.വി.അന്‍വര്‍ എംഎല്‍എയുടെയും കുടുംബത്തിന്‍റെയും കൈവശം 31.26 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് റവന്യുവകുപ്പിന്‍റെ കണ്ടെത്തല്‍. 12 ഏക്കര്‍ ഭൂമിയാണ് ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം കൈവശം വെക്കാനാവുക. അധികമായി 19.26 ഏക്കര്‍ കൈവശം വെക്കുന്നുണ്ടെന്ന് ലാന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2007 മാര്‍ച്ച് 23ന് കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി കടന്നതായും ലാൻഡ് ബോർഡ് കണ്ടെത്തി.
താമരശ്ശേരി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന ലാൻഡ് ബോര്‍ഡ് സിറ്റിങ്ങിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസിലെ കക്ഷിയും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോര്‍ഡിനേറ്ററുമായ കെ.വി.ഷാജി കൂടുതല്‍ രേഖകള്‍ ലാൻഡ് ബോര്‍ഡിന് കൈമാറിയിരുന്നു.
പി.വി അന്‍വര്‍ എംഎല്‍എ ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാത്തത് മിച്ച ഭൂമി കേസിന്റെ നടപടികള്‍ നീണ്ടുപോകാന്‍ ഇടയാക്കുന്നുവെന്നാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് പറയുന്നത്. ഒരാഴ്ചക്കകം ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പി.വി.അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ലാൻഡ് ബോര്‍ഡ് ചെയര്‍മാന്‍ നോട്ടീസ് അയച്ചു.