ഈ വര്‍ഷം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,977 പേര്‍ക്ക്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
|വൈറല്‍ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,977 പേര്‍ക്കെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്.കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും. അസാധാരണമായ സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുമ്പോഴും മഞ്ഞപ്പിത്തത്തിനൊപ്പം വൈറല്‍ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
അവലോകന യോഗവും ബോധവത്കരണവും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. മഴക്കാല പൂര്‍വ ശുചീകരണപ്രവൃത്തികളും തകൃതി. എന്നാല്‍ മഴക്കാലമെത്തുന്നതിന് മുമ്പേ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കി. മലപ്പുറത്തും എറണാകുളത്തും കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം ബാധിച്ചത് ഗൗരവത്തിലെടുത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
മറ്റ് ജില്ലകളിലും മഞ്ഞപ്പിത്തം ബാധിച്ചോ ലക്ഷണങ്ങളോടെയോ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. മഞ്ഞപ്പിത്തത്തിനൊപ്പം വൈറല്‍ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ മുപ്പതിനായിരത്തോളം പേര് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി. ഡെങ്കു ബാധിതരുടെ എണ്ണത്തിനും കുറവില്ല. ഈ വര്‍ഷം ഇതുവരെ ഡെങ്കുസ്ഥിരീകരിച്ചത് 4,895 പേര്‍ക്ക്. ഈ മാസം മാത്രം മൂന്നൂറോളം പേര് ഡെങ്കു സ്ഥിരീകരിച്ച് ചികിത്സതേടി. വെസ്റ്റ് നൈല്‍ പനി, എച്ച് വണ്‍ എന്‍ വണ്‍ പിടിപെട്ടും രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്നു. കോവിഡും ഒരു ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.