സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 കോവിഡ് മരണം; ഇന്ന് റിപ്പോർട്ട് ചെയ്തത് 765 കോവിഡ് കേസുകള്‍
|കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്ക് നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 കോവിഡ് മരണം. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്. മാർച്ച് മാസത്തോടെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വർധിക്കാൻ തുടങ്ങിയത്. ജനിതക പരിശോധന ഫലത്തിൽ നിന്ന് ഒമിക്രോൺ ആണ് കൂടുതൽ ആളുകളിൽ പടരുന്നതെന്ന് കണ്ടെത്തി.മരിച്ചവരിൽ അധികവും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡിന് പുറമേ ജിവിത ശൈലി രോഗങ്ങളുള്ളവരാണ് ഇവരിൽ ഭൂരിഭാഗം ആളുകളും.
കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്കി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്കി.
കോവിഡ് പ്രതിരോധത്തിനായി എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയാറാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.