Kerala
കുന്നത്തറയില്‍ 20 തൊഴിലുറപ്പ് തൊഴിലാളികള്‍ കടന്നൽകുത്തേറ്റ് ചികില്‍സയില്‍
Kerala

കുന്നത്തറയില്‍ 20 തൊഴിലുറപ്പ് തൊഴിലാളികള്‍ കടന്നൽകുത്തേറ്റ് ചികില്‍സയില്‍

Web Desk
|
18 Nov 2022 4:24 PM GMT

തൊഴിലാളികളില്‍ ഒരാൾ അറിയാതെ കടന്നൽ കൂടിന് വെട്ടിപ്പോയതോടെ കൂടിളകുകയായിരുന്നു

ഉള്ള്യേരി: കോഴിക്കോട് ഉള്ള്യേരിയിൽ 20 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നല്‍ കുത്തേറ്റു. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് കുന്നത്തറയിലാണ് കരിപ്പാല്‍ മീത്തല്‍ പറമ്പില്‍ വച്ച് കടന്നല്‍ കൂട്ടമായെത്തി കുത്തിയത്.

ലജിത തച്ചനാടത്ത് മീത്തല്‍, ലീല ചെങ്കുനീമ്മല്‍, രാധ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സുശീല കുനിയില്‍, സ്മിത മേക്കുന്നത്ത് , ആണ്ടി മേടക്കുന്നുമ്മല്‍, രമണി പാലോട്ട് താഴ, ദേവകി അമ്മ കുനിയില്‍ എന്നിവരെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ ഉള്ള്യേരി ഗവ.ആരോഗ്യകേന്ദ്രത്തിലടക്കം വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരിക്കുകയാണ്.

വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളില്‍ ഒരാൾ അറിയാതെ കടന്നൽ കൂടിന് വെട്ടിപ്പോയതോടെ കൂടിളകി. കടന്നലുകൾ കൂട്ടമായെത്തി തൊഴിലാളികളെ ദേഹമാസകലം കുത്തുകയായിരുന്നു. പലരുടെയും മുഖത്തായിരുന്നു കുത്തേറ്റത്. പലരുടെയും മുഖം വീങ്ങിത്തടിച്ച നീരു വന്ന നിലയിലാണ്. കടുത്ത വേദന അനുഭവക്കുന്നതായും തൊഴിലാളികള്‍ പറഞ്ഞു.

വാർഡ് അംഗവും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.ടി സുകുമാരന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത,വൈസ്പ്രസിഡന്റ്, എന്‍ എം ബാലരാമന്‍, കെ. ബീന,ചന്ദ്രികാപൂമഠത്തില്‍ ബ്ലോക്ക്, പഞ്ചായത്ത് ബി.ഡി.ഒ ഉള്‍പ്പടിയുള്ള എന്‍.ആര്‍.ഇ.ജി ഉദ്യോഗസ്ഥരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുവരികയാണെന്ന് വാര്‍ഡ് അംഗം അറിയിച്ചു.

Similar Posts