കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ യാത്ര വൈകുന്നു; 20 പേരെ ഇന്ന് റിയാദിലെത്തിക്കുമെന്ന് സൗദി എയർലൈൻസ്
|വിമാനത്തിന്റെ എമർജൻസി ഡോർ തകരാർ മൂലം 122 യാത്രക്കാരാണ് കൊച്ചിയിൽ കുടുങ്ങിയത്
കൊച്ചി: സൗദി എയർലൈൻസ് വിമാനത്തിന്റെ എമർജൻസി ഡോർ തകരാർ മൂലം യാത്ര മുടങ്ങിയവരിൽ 20 പേരെ ഇന്ന് റിയാദിലെത്തിക്കും. ബാക്കിയുള്ള 98 പേരെ നാളെക്കകം കൊണ്ടുപോകുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി. വിമാനം വൈകിയതിനെ തുടർന്ന് കണക്ഷൻ ഫ്ളെറ്റ് ലഭിക്കാതെ നിരവധി പേർ റിയാദ് എയർപോർട്ടിൽ കുടുങ്ങി.
ഇന്നലെ രാത്രി 8.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട സൗദി എയർലൈൻസ് വിമാനം റദ്ദാക്കിയതോടെയാണ് 122 യാത്രക്കാർ കൊച്ചിയിൽ കുടുങ്ങിയത്. ഇവരിൽ വിസാ കാലാവധി പ്രശ്നങ്ങളുണ്ടായിരുന്ന നാലുപേരെ രാവിലത്തെ ഖത്തർ എയർവേയ്സ് വിമാനത്തിൽ റിയാദിൽ എത്തിച്ചിരുന്നു. ബാക്കിയുള്ള യാത്രക്കാരെ കൊച്ചിയിലെ ഹോട്ടലിലേക്ക് മാറ്റി. ഇവരിൽ 20 പേരെയാണ് ഇന്ന് കൊണ്ടുപോകുന്നത്. ബാക്കിയുള്ള യാത്രക്കാരെ ഇന്നും നാളെയുമായി റിയാദിൽ എത്തിക്കുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.
വിമാനത്തിന്റെ വാതിലിന് തകരാർ മൂലം 8.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം മണിക്കൂറുകൾ വൈകിയാണ് കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്. ഇതോടെ യുറോപ്പിലേക്ക് കണക്ഷൻ ഫ്ളെറ്റ് നഷ്ടമായ യാത്രക്കാരും റിയാദ് വിമാനത്താവളത്തിൽ കുടങ്ങി. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വിമാനത്തിൽ ഇരിപ്പുറപ്പിച്ചതിന് ശേഷമാണ് 280 യാത്രക്കാരിൽ 122 യാത്രക്കാരെ പുറത്തിറക്കിയത്. പ്രായമായവരും കുട്ടികളും അടക്കമുള്ള യാത്രക്കാർ പുലർച്ചെ നാലു മണിവരെ എയർപോർട്ടിൽ പ്രതിഷേധിച്ചിരുന്നു.