കൊച്ചി പുറംകടലിൽനിന്ന് 200 കിലോ ഹെറോയിൻ പിടികൂടിയ സംഭവം; ഇടപാടിന് പിന്നിൽ പാക് സംഘമെന്ന് എൻസിബി
|പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാജി സലിമാണ് കള്ളക്കടത്തിന്റെ സൂത്രധാരൻ. വിൽപനയിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധിക്കുന്നത്.
കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം നാവികസേന പിടിച്ചത് പാകിസ്താനിൽനിന്ന് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിനെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാജി സലിമാണ് കള്ളക്കടത്തിന്റെ സൂത്രധാരൻ. വിൽപനയിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധിക്കുന്നത്. അറസ്റ്റ് ചെയ്ത ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അഫ്ഗാനിസ്ഥാനിൽനിന്നാണ് ഹെറോയിൻ പാകിസ്താനിലെത്തിക്കുന്നത്. അവിടെനിന്ന് മത്സ്യബന്ധന ബോട്ടിൽ നടുക്കടലിലെത്തിച്ചു, ഇറാനിയൻ ബോട്ടിന് കൈമാറും. അവരിത് ശ്രീലങ്കയിലെത്തിക്കും. അവിടെനിന്നാണ് വിവിധ മാർഗങ്ങളിലൂടെ ഇന്ത്യയിലേക്ക് ലഹരിമരുന്ന് എത്തുന്നതെന്നാണ് എൻസിബിയുടെ കണ്ടെത്തൽ.
മത്സ്യബന്ധന ട്രോളറിൽ കൊണ്ടുവന്ന 200 കിലോ ഹെറോയിനാണ് കൊച്ചിയിൽ ഇന്നലെ പിടികൂടിയത്. കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവികസേനയും ചേർന്നു നടത്തിയ നീക്കത്തിലാണ് ലഹരിക്കടത്തുകാർ കുടുങ്ങിയത്. ലഹരിക്കടത്തിന് ഇടനിലക്കാരായ ആറ് ഇറാൻ പൗരൻമാരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.