കെ.എസ്.ആർ.ടി.സിയിൽ 2000 രൂപ നോട്ട് സ്വീകരിക്കും; എ.ടി.ഒമാർ ഇറക്കിയ തീരുമാനം ചെയർമാൻ റദ്ദാക്കി
|റിസർവ് ബാങ്ക് നിർദേശിച്ച തീയതി വരെ 2000 രൂപ സ്വീകരിക്കാമെന്ന് സി.എം.ഡി നിർദേശം നൽകി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 2000 രൂപ നോട്ട് സ്വീകരിക്കും എ.ടി.ഒമാർ ഇറക്കിയ തീരുമാനം ചെയർമാൻ റദ്ദാക്കി. 2000 രൂപ നോട്ട് സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി വ്യക്തമാക്കി. റിസർവ് ബാങ്ക് നിർദേശിച്ച തീയതി വരെ 2000 രൂപ സ്വീകരിക്കാമെന്ന് സി.എം.ഡി നിർദേശം നൽകി.
നേരത്തെ 2000 രൂപ നോട്ട് നാളെ മുതൽ സ്വീകരിക്കരുതെന്ന് ചില എ.ടിഒമാർ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.
2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ബിവറേജ് കോർപ്പറേഷനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരമുണ്ട്. അതുവരെ നോട്ടുകളുടെ പ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
2016 നവംബർ എട്ടിന് നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് 2000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കിയത്. 2018 മുതൽ 2000 രൂപയുടെ അച്ചടി നിർത്തിവെച്ചിരുന്നു. നോട്ടുകൾ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്ന് ആർ.ബി.ഐ അറിയിച്ചു