സ്വരാജ് തൃപ്പൂണിത്തുറയില്‍ പ്രചാരണം തുടങ്ങി
|ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് തൃപ്പൂണിത്തുറയില്‍ പ്രചാരണം ആരംഭിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് തൃപ്പൂണിത്തുറയില്‍ പ്രചാരണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് മണ്ഡലത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ സിപിഎം ജില്ല സെക്രട്ടറി പി രാജീവും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തൃപ്പൂണിത്തുറ നഗരത്തില്‍ പ്രകടനം നടത്തിയായിരുന്നു ആദ്യ പ്രചാരണ പരിപാടി.
മന്ത്രി കെ ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയില്‍ എം സ്വരാജിലൂടെ ശക്തനായ എതിരാളിയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ബാര്‍ കോഴ ആരോപണം മുഖ്യ പ്രചരണ ആയുധമാകുന്ന മണ്ഡലത്തില്‍ എം സ്വാരാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും ഇടത് പക്ഷം വിലയിരുത്തുന്നുണ്ട്. പി രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കാതിരിക്കുകയും പകരം സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയ ദിനേശ് മണി പിന്‍മാറുകയും ചെയ്തതോടെ തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി നേതൃത്വത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എം സ്വരാജിനെ അവതരിപ്പിക്കുക വഴി ആദ്യമുണ്ടായ അങ്കലാപ്പ് മറികടക്കാനായെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നു. ഇന്നലെ വൈകിട്ട് മണ്ഡലത്തിലെത്തിയ സ്വരാജിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയെങ്കിലും ആദ്യ പരസ്യ പ്രചരണം തൃപ്പൂണിത്തുറയില്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ ഇടത് പക്ഷത്തിന് ആശ്വസിക്കാം. മണ്ഡലത്തിന് പുറത്തുള്ളയാളായ സ്വരാജിനെ വോട്ടര്‍മാര്‍ക്ക് പരിചിതനാക്കുന്നതിനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വരുന്ന ദിനങ്ങളില്‍ ആസൂത്രണം ചെയ്യുന്നത്.