യുവ എംഎല്‍എമാര്‍ക്കും സ്ത്രീകള്‍ക്കും മുരളീധരന്‍റെ വിമര്‍ശം
|സീറ്റ് ആവശ്യപ്പെടുന്ന യുവാക്കളും സ്ത്രീകളും ജയിച്ചു കഴിഞ്ഞാല്‍ നിയമസഭയില്‍ കൃത്യമായി ഹാജരാകാന്‍ ശ്രദ്ധ കാണിക്കുന്നില്ലെന്ന് കെ മുരളീധരന്‍
സീറ്റ് ആവശ്യപ്പെടുന്ന യുവാക്കളും സ്ത്രീകളും ജയിച്ചു കഴിഞ്ഞാല്‍ നിയമസഭയില്‍ കൃത്യമായി ഹാജരാകാന്‍ ശ്രദ്ധ കാണിക്കുന്നില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എയുടെ വിമര്‍ശം. നിയമസഭയില്‍ പഠിച്ച് പ്രസംഗിച്ചാലും മാധ്യമങ്ങളില്‍ വാര്‍ത്തയാകാറില്ല. സഭയില്‍ എന്തും പറയാമെന്ന അവസ്ഥയാണ് ഇപ്പോഴെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ മികച്ച നിയസമഭാ സാമാജികനുള്ള പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചാണ് മുരളീധരന്‍ യുവ എംഎല്‍എമാര്‍ സഭയിലെത്താന്‍ ശ്രദ്ധിക്കാറില്ലെന്ന വിമര്‍ശം ഉന്നയിച്ചത്. ബഹളം വെച്ചാല്‍ മാത്രമെ വാര്‍ത്തകളില്‍ പേര് വരൂ എന്ന അവസ്ഥയാണ്. സഭക്ക് പുറത്ത് എന്തെങ്കിലും പറഞ്ഞാല്‍ ബ്രേക്കിംഗ് ന്യൂസായി നല്‍കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തില്‍ ഒതുങ്ങി സംസാരിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാകുന്നില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. സഭയിലെ പ്രവര്‍ത്തനങ്ങളില്‍ തന്റെ ഇടപെടല്‍ വളരെ കുറവാണെന്ന സ്വയം വിമര്‍ശത്തോടെയാണ് മുഖ്യമന്ത്രി മുരളീധരന് പുരസ്കാരം സമ്മാനിച്ചത്.