ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ നെഞ്ചിടിപ്പ് കൂടും
|കഴിഞ്ഞ തവണ ആയിരത്തില്‍ താഴെ ഭൂരിപക്ഷം ലഭിച്ച ഏഴ് മണ്ഡലങ്ങളില്‍ നാലിടത്ത് യുഡിഎഫും മൂന്നിടത്തും എല്‍ഡിഎഫും വിജയിച്ചു
140ല്‍ ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ നെഞ്ചിടിപ്പ് കൂടും. കഴിഞ്ഞ തവണ ആയിരത്തില്‍ താഴെ ഭൂരിപക്ഷം ലഭിച്ച ഏഴ് മണ്ഡലങ്ങളില്‍ നാലിടത്ത് യുഡിഎഫും മൂന്നിടത്തും എല്‍ഡിഎഫും വിജയിച്ചു. 2011-ല്‍ ഏറ്റവും കുറവ് ഭൂരിപക്ഷം പിറവത്ത് നിന്ന് വിജയിച്ച മുന്‍ മന്ത്രി ടി എം ജേക്കബിനായിരുന്നു.
ഫലസൂചനകള്‍ മാറിയും മറിഞ്ഞും നിന്ന് അവസാന മിനിട്ടുകളില്‍ ആയിരത്തില്‍ത്താഴെ വോട്ടുകള്‍ക്ക് വിജയിച്ച ആറ് എംഎല്‍എമാരാണ് നിലവില്‍ നിയമസഭയില്‍ ഉള്ളത്. പിറവത്ത് നിന്ന് 157-വോട്ടുകള്‍ക്ക് വിജയിച്ച ടി എം ജേക്കബും കോട്ടയത്ത് നിന്ന് 711 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗങ്ങളുമായി. ടി എം ജേക്കബിന്റെ മരണ ശേഷം ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് ജയിച്ച പട്ടികയില്‍ നിന്ന് പിറവം കരകയറി. കുന്ദംകുളത്ത് ബാബു എം പാലിശ്ശേരിയും മണലൂരില്‍ പി എ മാധവനും ജയിച്ചത് 481 വോട്ടുകള്‍ക്കാണ്. അഴീക്കോട് കെ എം ഷാജിക്ക് കിട്ടിയത് 493 വോട്ടിന്‍റെ ഭൂരിപക്ഷം.പാറശ്ശാലയില്‍ എ ടി ജോര്‍ജ്ജിനോട് സിപിഎമ്മിലെ ആനാവൂര്‍ നാഗപ്പന്‍ തോറ്റത് 505 വോട്ടിനാണ്.
607 വോട്ടാണ് എതിര്‍സ്ഥാനാര്‍ത്ഥി പന്തളം സുധാകരനെക്കാള്‍ അടൂരില്‍ ചിറ്റയം ഗോപകുമാറിന് ലഭിച്ചത്. വടകരയില്‍ സി കെ നാണു വിജയിച്ചത് 847 വോട്ടിനും.