അക്രമരാഷ്ട്രീയവും രാഷ്ട്രീയ അസഹിഷ്ണുതയും എന്‍ഡിഎ പ്രചരണായുധമാക്കുന്നു
|ക്രിസ്തീയ വോട്ടുകള്‍ ലക്ഷ്യമാക്കിയുള്ള പ്രചാരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്
അക്രമരാഷ്ട്രീയവും രാഷ്ട്രീയ അസഹിഷ്ണുതയും വിഷയമാക്കി എന്‍ഡിഎ പ്രചാരണത്തിനിറങ്ങുന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തീയ വോട്ടുകള്‍ ലക്ഷ്യമാക്കിയുള്ള പ്രചാരണ പരിപാടികള്‍ക്കും എന്‍ഡിഎ നേതൃത്വം നല്‍കുന്നുണ്ട്. അടുത്ത മാസം 10ന് പത്തനംതിട്ടയില്‍ ചേരുന്ന എന്‍ഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അമിത് ഷാ ഉദ്ഘാടനം ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ പ്രചാരണ പരിപാടികള്‍ ശക്തമാക്കാനാണ് എന്‍ഡിഎയുടെ ആലോചന.
ഇതിന്റെ ഭാഗമായി സിപിഎം അക്രമരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരിലെ തലശേരിയില്‍ ബിജെപി അഖിലേന്ത്യ പ്രസിഡന്റ് അമിത് ഷാ പങ്കെടുക്കുന്ന പൊതുയോഗവും നടക്കും. ക്രൈസ്തവ വോട്ടുകള്‍ കൂടി ഉന്നം വെച്ചാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. യമനില്‍ 4 കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടതിലും ഐഎസ് ഭീകരര്‍ ക്രൈസ്തവ പുരോഹിതനെ തട്ടിക്കൊണ്ടുപോയതിലും ദുഃഖം രേഖപ്പെടുത്താന്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രതിഷേധ കൂട്ടായ്മകള്‍ നടത്താനും എന്‍ഡിഎ തീരുമാനിച്ചു.
ഗോവയില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിയും എംഎല്‍എമാരും ഇതിനായി കേരളത്തിലെത്തും. എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഢിയും ജെ പി നന്ധയും കേരളത്തിലെത്തും. എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ ഒന്‍പതിന് പത്തനംതിട്ടയില്‍ ബിജെപി അഖിലേന്ത്യ പ്രസിഡന്റ് അമിത് ഷാ നിര്‍വഹിക്കുമെന്നും ബിജെപി വക്താവ് അഡ്വ. ജെ ആര്‍ പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.