ഇടതിനെ വരിച്ച് കേരളം
|പാലായില്‍ കെഎം മാണി ജയിച്ചപ്പോള്‍ ചവറയില്‍ മന്ത്രിമാരായ കെപി മോഹനനും ഷിബു ബേബിജോണും കെ ബാബുവും പരാജയപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു തരംഗം. 91 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. കെ ബാബു ഉള്‍പ്പെടെ 4 മന്ത്രിമാര്‍ തോറ്റു. ആര്‍എസ്‍പി, ജെഡിയു, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. ഒ രാജഗോപാലിലൂടെ ബിജെപി സംസ്ഥാനത്ത് അക്കൌണ്ട് തുറക്കുകയും ചെയ്തു.
ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ഉമ്മന്‍ചാണ്ടിയുടേയും യുഡിഎഫിന്റെയും അവകാശവാദങ്ങളെ തള്ളിക്കളയുന്നതായിരുന്നു സംസ്ഥാനത്ത് ആഞ്ഞടിച്ച ഭരണ വിരുദ്ധ തരംഗം. 140ല്‍ 91 സീറ്റുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് സംസ്ഥാന ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചത്. യുഡിഎഫിന് നേടാനായത് 47 സീറ്റ് മാത്രം. 14 ജില്ലകളിൽ 11ഉം എല്‍ഡിഎഫിനൊപ്പം നിന്നു. കൊല്ലം, തൃശൂർ ജില്ലകളില്‍ യുഡിഎഫ് തൂത്തറിയപ്പെട്ടു. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും എല്‍ഡിഎഫിന് വ്യക്തമായ മേധാവിത്വം. മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് പിടിച്ചുനില്‍ക്കാനായത്. യുഡിഎഫിലെ 4 മന്ത്രിമാരും 20 എംഎല്‍എമാരും തോറ്റത് സര്‍ക്കാറിനെതിരായ ജനവികാരത്തിന്റെ ആഴം വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബു എം സ്വരാജിനോട് 4500 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഷിബു ബേബി ജോണ്‍ ചവറയിലും കെ പി മോഹനന്‍ കൂത്തുപറമ്പിലും പി കെ ജയലക്ഷ്മി മാനന്തവാടിയിലും തോറ്റു. സ്പീക്കര്‍ എന്‍ ശക്തന്‍, ഡെ.സ്പീക്കര്‍ പാലോട് രവി, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ പ്രമുഖര്‍ക്കും അടിതെറ്റി.
കഴിഞ്ഞ തവണ 45 സീറ്റില്‍ വിജയിച്ച സിപിഎമ്മിന്റെ പ്രാതിനിധ്യം ഉയര്‍ന്നു. 11 സീറ്റിന്റെ വര്‍ദ്ധന. 5 സ്വതന്ത്രരെ വിജയിപ്പിക്കാനും പാര്‍ട്ടിക്കായി. ആറ് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച സിപിഐ 19 സീറ്റോടെ മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയായി. 39 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് 21ലൊതുങ്ങി. മുസ്ലീം ലീഗിന് 18ഉം കേരളകോണ്‍ഗ്രസ് എമ്മിന് 6ഉം സീറ്റുകള്‍ ലഭിച്ചു. ഇടതു തരംഗത്തില്‍ യുഡിഎഫിലെ ജെഡിയു, ആർഎസ്പി കക്ഷികളും സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങി. എൽഡിഎഫിൽ ഫ്രാൻസിസ് ജോർജിൻറ ജനാധിപത്യ കേരള കോൺഗ്രസിനും കേരളകോൺഗ്രസ് സ്കറിയ തോമസ് വിഭഗത്തിനും ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. നേമത്ത് ഇരു മുന്നണികളെയും ഞെട്ടിച്ചാണ് ഒ രാജഗോപാല്‍ ജയിച്ചുകയറിയത്. 7 ഇടങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്കായി. ഒറ്റക്ക് മത്സരിച്ച പിസി ജോർജ് പൂഞ്ഞാറിൽ നേടിയ വലിയ ഭൂരിപക്ഷവും തെരഞ്ഞെടുപ്പിലെ സവിശേഷതയായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ വന്‍ഭൂരിപക്ഷം നേടിയപ്പോള്‍ പാലായില്‍ കെ എം. മാണിയുടെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷം - 45587.