അട്ടിമറിച്ച വിമതനും വോട്ട് പിടിച്ച അപരനും
|നിരവധി അപരന്‍മാരും വിമതരും മത്സരിച്ചെങ്കിലും നിര്‍ണ്ണായക ഘടകമായത് രണ്ടു പേര്‍ മാത്രമാണ്.
നിരവധി അപരന്‍മാരും വിമതരും മത്സരിച്ചെങ്കിലും നിര്‍ണ്ണായക ഘടകമായത് രണ്ടു പേര്‍ മാത്രമാണ്. കൊച്ചിയിലെ സിറ്റിങ്ങ് എംഎല്‍എ ഡൊമിനിക്ക് പ്രസന്റേഷനെ തോല്‍പ്പിച്ച കോണ്‍ഗ്രസ് വിമതന്‍ കെജെ ലീനസിന്റെ പ്രകടമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മഞ്ചേശ്വരത്ത് ബിജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത് അപരന്‍ പിടിച്ച വോട്ടുകളായിരുന്നു. നിരവധി ചെറുപാര്‍ട്ടികള്‍ മത്സരിച്ചെങ്കിലും ഫലത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ അധികം സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞില്ല.
ഡൊമനിക്ക് പ്രസന്റേഷന്‍ തോറ്റത് 1086 വോട്ടിനാണ്. വിമതന്‍ കെജെ ലീനസ് പിടിച്ച 7588 വോട്ടുകളായിരുന്നു തോല്‍വിക്ക് പ്രധാന കാരണം. മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് കെ.സുരേന്ദ്രന്‍റെ പരാജയം. അപരന്‍ കെ.സുന്ദരക്ക് കിട്ടി 467 വോട്ട്. അഴീക്കോട് പി.കെ രാഗേഷ് പിടിയ്ക്കുന്ന വോട്ടുകള്‍ കെ.എം ഷാജിയുടെ തോല്‍വിക്ക് കാരണമാകുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. പക്ഷെ 1518 വോട്ടുപിടിയ്ക്കാന്‍ മാത്രമേ രാഗേഷിന് കഴിഞ്ഞുള്ളൂ.
ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് വിമത ശോഭന ജോര്‍ജിന് ലഭിച്ചത് 3966 വോട്ടാണ്. പിസി വിഷ്ണുനാഥ് തോറ്റത് 7983 വോട്ടിനായതുകൊണ്ട് പരാജയകാരണം വിമത പിടിച്ച വോട്ടുകള്‍ മാത്രമാണന്ന് പറയാന്‍ കഴിയില്ല. വടകരയില്‍ കെ.കെ രമ 20504 വോട്ടും, സുല്‍ത്താന്‍ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനു 27920 വോട്ടും പിടിച്ചു. ദേവികുളത്ത് മത്സരിച്ച പൊമ്പിളൈ ഒരുമൈക്ക് 650 വോട്ടുമാത്രമാണ് കിട്ടിയത്. തിരുവനന്തപുരത്ത് വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുമെന്ന് കരുതിയ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി ബിജുരമേശിന് വോട്ടുചെയ്തത് 5762 വോട്ടര്‍മ്മാരാണ്. ഏറ്റുമാനൂരിലെ മാണി ഗ്രൂപ്പ് വിമതന്‍ ജോസ്‍മോന്‍ മുണ്ടയ്ക്കല്‍ 3774 ഉം, ഇരിക്കൂറിലെ കോണ്‍ഗ്രസ് വിമതന്‍ ബിനോയ് തോമസ് 2734 വോട്ടും നേടി.
മങ്കടയില്‍ 1508 വോട്ടിനാണ് മുസ്ലീംലീഗിലെ ടി.എ അഹമ്മദ് കബീര്‍ വിജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം 3999 വോട്ട് പിടിച്ചതുകൊണ്ട് മാത്രമാണ് അഹമ്മദ് കബീര്‍ വിജയിച്ചതെന്ന് ലീഗ് നേതൃത്വം തന്നെ സമ്മതിക്കുന്നു. ബിജെപി വലിയ പ്രചരണം നല്‍കി മലപ്പുറത്ത് മത്സരിച്ച ബാദുഷാ തങ്ങള്‍ക്ക് 7211 വോട്ടും വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പി.ടി അലി ഹാജിക്ക് 7055 വോട്ടുമാണ് കിട്ടിയത്.