Kerala
Kerala

ബജറ്റ്: വാണിജ്യനികുതി വകുപ്പിന്റെ മുഖച്ഛായ മാറ്റും

Khasida
|
28 Nov 2016 2:43 PM GMT

വാണിജ്യ നികുതി വിഭാഗത്തെ വ്യാപാരി സൌഹൃദ ഹൈടെക്ക് ഡിപ്പാര്‍ട്ട്മെന്റാക്കുവാനാണ് തോമസ് ഐസക്കിന്റെ ലക്ഷ്യം

ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ വാണിജ്യനികുതി വകുപ്പിന്റെ മുഖച്ഛായ മാറും. സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും സംഭാവന ചെയ്യുന്ന വാണിജ്യ നികുതി വിഭാഗത്തെ വ്യാപാരി സൌഹൃദ ഹൈടെക്ക് ഡിപ്പാര്‍ട്ട്മെന്റാക്കുവാനാണ് തോമസ് ഐസക്കിന്റെ ലക്ഷ്യം. അടിസ്ഥാന സൌകര്യങ്ങളുടെ വിപുലീകരണത്തിന് 100 കോടി രൂപ മാറ്റിവെച്ച ബജറ്റില്‍ മൊബൈല്‍ അപ്ലിക്കേഷനും കാള്‍ സെന്ററുമടക്കും അത്യാധുനിക സംവിധാനങ്ങളാണ് വിഭാവനം ചെയ്യുന്നത്.

അഴിമതിരഹിത ആധുനിക വാണിജ്യനികുതി വകുപ്പ് എന്നതാണ് ബജറ്റിലെ ലക്ഷ്യം. 2008 ല്‍ ഇ ഫയലിങ്ങ് തുടങ്ങുമ്പോള്‍ സ്ഥാപിച്ച സര്‍വര്‍ മാറ്റി മൂന്ന് മാസത്തിനുള്ളില്‍ കപ്പാസിറ്റി കൂടിയ പുതിയ സര്‍വര്‍ സ്ഥാപിക്കും. സോഫ്റ്റ് വെയര്‍ പരിഷ്‌കരിച്ച് നികുതി ചോര്‍ച്ച തടയും. ഇന്ററാക്ടീവ് വെബ്‌സൈറ്റിലൂടെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സംശയങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. പുതിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വ്യാപാരികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എളുപ്പത്തില്‍ പരിശോധിക്കും.

പഴയ രേഖകള്‍ ആര്‍ക്കേവ് ചെയ്ത് കടലാസ് വിമുക്ത ഹൈടെക്ക് ഓഫീസുകളായി വാണിജ്യനികുതി ഓഫീസുകളെ ഉയര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനാവശ്യമായ പഠനം നടത്തുവാന്‍ ഒരു പ്രൊഫഷണല്‍ ഏജന്‍സിയെ ചുമതലപെടുത്തുമെന്നും ബജറ്റിലുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് ഘട്ടങ്ങളായി ഓഫീസുകള്‍ നവീകരിക്കും. ഇതിനായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

നികുതി വിവരങ്ങള്‍ അറിയിക്കുന്നതിനായി ഒരു ഇ ന്യൂസ് ലെറ്ററും, ജില്ലാ ആസ്ഥാനങ്ങളിലും തലസ്ഥാനത്തും ടാക്‌സ് കോര്‍ണറും തുടങ്ങും. വ്യാപാരികള്‍ നല്‍കുന്ന ബില്ല് ആന്‍ട്രോയിഡ് അപ്ലിക്കേഷന്‍ വഴി അപ്‍ലോഡ് ചെയ്യുന്ന നൂതന പദ്ധതിയിലൂടെ നികുതി വെട്ടിപ്പ് കണ്ടത്താനാകുമെന്നാണ് ബജറ്റിലെ പ്രതീക്ഷ. ഇത്തരത്തില്‍ ബില്ലുകള്‍ അപ്‍ലോഡ് ചെയ്യുന്നവരില്‍ തെരഞ്ഞെടുക്കപെടുന്നവര്‍ക്ക് 50000 രൂപ വരെ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന പൊതു നയത്തിന് വിഭിന്നമായി വാണിജ്യനികുതി വകുപ്പില്‍ സ്പഷ്യാലിറ്റി കാഡറും ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കുമെന്നും തോമസ് ഐസക്ക് ബജറ്റിലൂടെ വ്യക്തമാക്കുന്നു.

Related Tags :
Similar Posts