മുല്ലപ്പെരിയാര്‍-അതിരപ്പിള്ളി വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വിവാദമാകുന്നു
|മുല്ലപ്പെരിയാറിലെ നിലപാട് മാറ്റത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കയ്യടി നേടിയ സര്‍ക്കാര്‍ അതിരപ്പിള്ളിയില്‍ രൂക്ഷ വിമര്‍ശം നേരിടുകയും ചെയ്തു.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ തുടക്കം തന്നെ വിവാദങ്ങളില്‍. മുല്ലപ്പെരിയാര്‍-അതിരപ്പിള്ളി വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളാണ് പുതിയ മന്ത്രിസഭയെ വിവാദങ്ങളില്‍ ചാടിച്ചത്. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച നിലപാട് ഘടകക്ഷിയുടെ എതിര്‍പ്പ് സമ്പാദിച്ചപ്പോള്‍ മുല്ലപ്പെരിയാറില്‍ പ്രകടനപത്രികകക്ക് തന്നെ വിരുദ്ധമാണ് നിലപാട്.
ചുമതലയേറ്റ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് തന്നെ സുപ്രധാന വിഷയങ്ങളില്‍ പുതിയ സര്‍ക്കാറിന്റെ നിലപാടുകള്‍ വിവാദമായിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഇപ്പോള്‍ വേണമെന്ന് തോന്നുന്നില്ലെന്നും ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് വസ്തുതയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
കേരളം ഇതുവരെ സ്വീകരിച്ച നിലപാടിനെ വിരുദ്ധമാണിത്. സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. വിഷയത്തില്‍ കേരളത്തിന്റെ നിയമപോരാട്ടങ്ങളെ മുഖ്യമന്ത്രിയുടെ നിലപാട് ദുര്‍ബലമാക്കുമെന്നും വിമര്‍ശമുയര്‍ന്നു. മുല്ലപ്പെരിയാര്‍ സമരസമിതിയും എതിര്‍പ്പുമായി രംഗത്തെത്തിയതോടെ എല്ലാവരുമായും ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി ശ്രമം തുടരുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ ശേഷം എല്‍ഡിഎഫ് ഇത്ര പെട്ടെന്ന് നിലപാട് മാറ്റിയതിന്റെ കാരണം വിശദീകരിക്കാന്‍ പ്രയാസപ്പെടും.
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി കേരളത്തിന് ആവശ്യമെന്ന് അഭിപ്രായപ്പെട്ട് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇക്കാര്യത്തില്‍ ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത് ഘടകകക്ഷിയായ സിപിഐ തന്നെയാണ്. പ്രകടനപത്രികയിലില്ലാത്ത കാര്യങ്ങളില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. എന്നാല്‍ വൈദ്യുതി മന്ത്രിയെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി മന്ത്രിസഭയില്‍ പറയേണ്ടത് അവിടെയും മുന്നണിയില്‍ പറയേണ്ടത് അവിടെയും പറയുമെന്ന് വ്യക്തമാക്കി. അതിരപ്പിള്ളിയില്‍ മുന്‍ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ് പിണറായിയും സിപിഐയും ചെയ്തത്. മുല്ലപ്പെരിയാറിലെ നിലപാട് മാറ്റത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കയ്യടി നേടിയ സര്‍ക്കാര്‍ അതിരപ്പിള്ളിയില്‍ രൂക്ഷ വിമര്‍ശം നേരിടുകയും ചെയ്തു.