ദുരന്തത്തില്‍ കാണാതായത് 21 പേരെ; തിരിച്ചറിയാനുള്ളത് 13 മൃതദേഹങ്ങള്‍
|പതിമൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാലും കാണാതായ ബാക്കിയുള്ള എട്ട് പേരെ എങ്ങിനെ കണ്ടെത്തുമെന്ന ചോദ്യം നിലനില്‍ക്കുകയാണ്.
പരവൂര്‍ വെടിക്കെട്ടപകടത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ സാമ്പിളുകള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിലേക്ക് അയച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.
ഒട്ടും തിരിച്ചറിയാത്ത പതിമൂന്ന് മൃതദേഹങ്ങളില്‍ രണ്ടെണ്ണം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും 11 എണ്ണം കൊല്ലം
ജില്ലാ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, അപകടത്തിന് ശേഷം ഇരുപത്തിയൊന്ന് പേരെ കാണാനുമില്ല.
കാണാതായവരുടെ ബന്ധുക്കള്‍ ആശുപത്രികള്‍ കയറി ഇറങ്ങി തെളിവുകള്‍ വെച്ച് പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെ പതിമൂന്ന്
മൃതദേഹങ്ങള്‍ തിരിച്ചറിയാനായില്ല. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിയാനാവുമെന്ന പ്രതീക്ഷ അധികൃതര്‍
മുന്നോട്ട് വെക്കുന്നത്.
മരിച്ചയാളുടെ പല്ല്, രക്തം, പേശി, അസ്തിമജ്ഞ, വേരോടെയുള്ള തലമുടി എന്നിവയിലേതെങ്കിലും കിട്ടുന്ന മുറയ്ക്കാണ് ഡിഎന്‍എ ടെസ്റ്റിന് എടുക്കുന്നത്. കാണാതായ വ്യക്തികളുടെ അടുത്ത ബന്ധുക്കളുടെ ഡി എന്‍ എ യും ശേഖരിക്കും. ഇതു രണ്ടും ഒത്തുനോക്കിയാണ് മരിച്ചയാളിന്റെ മൃതദേഹം തിരിച്ചറിയുന്നത്. 99.5 ശതമാനം വരെ ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടുപിടിക്കാനാവും. ഇതിന്റെ റിപ്പോര്‍ട്ട് കോടതി വഴിയാണ് പോലീസിന് ലഭിക്കുക. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലാണ് ഡി എന്‍ എ പരിശോധന നടക്കുന്നത്.
പതിമൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാലും കാണാതായ ബാക്കിയുള്ള എട്ട് പേരെ എങ്ങിനെ കണ്ടെത്തുമെന്ന ചോദ്യം നിലനില്‍ക്കുകയാണ്. ചിലരെങ്കിലും ഉഗ്രസ്ഫോടനത്തില്‍ ഉരുകിപ്പോയിട്ടുണ്ടാകുമോ എന്ന സംശയവും സര്‍ക്കാരിനുണ്ട്.