എസ്ബിടിയില്‍ യൂണിയന് പ്രവര്‍ത്തനത്തിന് നിയന്ത്രണം
|ബാങ്ക് പരിധിയില്‍ യോഗങ്ങളോ പ്രകടനമോ നടത്താന്‍ പാടില്ലെന്ന് മാനേജ്മെന്റ് സര്‍ക്കുലര്‍ ഇറക്കി.
എസ്ബിടിയില്‍ യൂണിയന് പ്രവര്‍ത്തനത്തിന് നിയന്ത്രണം. ബാങ്ക് പരിധിയില്‍ യോഗങ്ങളും പ്രകടനവും നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി മാനേജ്മെന്റ് സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ തള്ളിക്കളയുന്നതായി യൂണിയന് പ്രവര്‍ത്തകര്‍ അറിയിച്ചു. സര്‍ക്കുലറിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
രണ്ട് ദിവസം മുമ്പാണ് എസ്ബിടി എച്ച്ആര്‍ ജനറല്‍ മാനേജറിന്റെ സര്‍ക്കുലര്‍ യൂണിയനുകള്‍ക്ക് ലഭിച്ചത്. ബാങ്ക് പരിസരത്തോ ബാങ്കിനുള്ളിലോ സംഘടനാ പ്രവര്‍ത്തനം പാടില്ലെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍. നോട്ടീസുകളും ബോര്‍ഡുകളും ബാനറുകളും വെക്കുന്നതിനും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂണിയന് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യോഗങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ മുന്‍കുട്ടി അനുമതി എഴുതി വാങ്ങണം. സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അച്ചടക്കനടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ അംഗീകരിക്കാനാകില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി യൂണിയനുകള്‍ മറുപടി നല്‍കിയിട്ടുണ്ട്. എസ്ബിടി - എസ്ബിഐ ലയനനീക്കം സജീവമായ സാഹചര്യത്തിലാണ് മാനേജ്മെന്റിന്റെ സര്‍ക്കുലര്‍. എസ്ബിടിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തടയാനാണ് ഇതെന്നാണ് യൂണിയനുകളുടെ ആരോപണം. എസ്ബിടിയുടെ എഴുപത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സര്‍ക്കുലറെന്നും യൂണിയന് നേതൃത്വം പറയുന്നു.