വീടും വസ്തുവും എഴുതി നല്‍കാത്തതിന് ദമ്പതികളെയും മക്കളെയും വീടുകയറി ആക്രമിച്ചതായി പരാതി
|വീട്ടുകാരെ മര്‍ദ്ദിച്ചവശരാക്കിയ സംഘം രേഖകളും കൈക്കലാക്കി
വീടും വസ്തുവും എഴുതി നല്‍കാത്തതിന് സിഐറ്റിയു നേതാവിന്റെ മകളും മരുമകനും ചേര്‍ന്ന് ദമ്പതികളെയും മക്കളെയും വീടുകയറി ആക്രമിച്ചതായി പരാതി. വീട്ടുകാരെ മര്‍ദ്ദിച്ചവശരാക്കിയ സംഘം രേഖകളും കൈക്കലാക്കിലാക്കിയതായാണ് ആരോപണം. സിഐറ്റിയു പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി മലയാലപ്പുഴ മോഹനന്റെ മകള്‍ക്കും മരുമകനുമെതിരെയാണ് ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ചയയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കോഴഞ്ചേരി പുല്ലാട് സ്വദേശിയായ അജിത്ത് ഭാര്യ അനിത ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സിഐറ്റിയു പത്തനംതിട്ടാ ജില്ലാ ജോയിന്റ് സെക്രട്ടറി മലയാലപ്പുഴ മോഹന്റെ മകള്‍ അനുജ, മരുമകന്‍ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നാലംഗസംഘമാണ് ഇവരെ അക്രമിച്ചത്.
അജിത്തും മകന്‍ അജയും ശ്രീജിത്തിന്റെ കുടിവെള്ള നിനിര്‍മാണ കമ്പനിയിലെ ജോലിക്കാരാണ്. ലീസിന് കമ്പനി നടത്തിയിരുന്ന ശ്രീജിത്ത് ഇത് സ്വന്തമാക്കുന്നതിനായി അജിത്തിന്റെ വീടും വസ്തുവും ഈട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഇതിനു തയ്യാറായെങ്കിലും വീടും വസ്തുവും ശ്രീജിത്തിന്റെ പേരില്‍ എഴുതി നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഇതോടെയായിരുന്നു വീടുകയറിയുള്ള അക്രമണം. രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും രേഖകളിലും ബ്ലാങ്ക് ചെക്കുകളിലും നിര്‍ബന്ധിച്ച് ഒപ്പുവെപ്പിക്കുകയും ചെയ്തുവെന്ന് പരാതിക്കാര്‍ ആരോപിച്ചു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായിപരാതിക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ശ്രീജിത്തിനെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.