അസ്‍ലം വധം: മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം
|വടകര തഹസില്‍ദാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും യുഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി
നാദാപുരത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ നിന്നും യുഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ അസ്‍ലം കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. യുഡിഎഫിന്‍റെ അസാന്നിധ്യത്തില്‍ തുടര്‍ന്ന യോഗത്തില്‍ പോലീസിനെതിരെ വിമര്‍ശമുയര്‍ന്നു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
നാദാപുരം മേഖലയില്‍ സിപിഎം - ലീഗ് സംഘര്‍ഷം വ്യാപകമായ സാഹചര്യത്തിലാണ് വടകര തഹസില്‍ദാര്‍ സര്‍വകക്ഷി സമാധാനയോഗം വിളിച്ചത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി യുഡിഎഫ് പ്രതിനിധികള്‍ എഴുന്നേറ്റു. സമാധാന യോഗങ്ങള്‍ പ്രഹസനമായി മാറുകയാണെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് യുഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി.
യുഡിഎഫിന്‍റെ അസാന്നിധ്യത്തില്‍ തുടര്‍ന്ന യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇടതു പാര്‍ട്ടികളും രംഗത്തെത്തി. യുഡിഎഫിനെ കൂടി ഉള്‍പ്പെടുത്തി മറ്റൊരു ദിവസം വീണ്ടും യോഗം ചേരാനാണ് തീരുമാനം. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ നാദാപുരം, കുറ്റ്യാടി, വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.