മെഡിക്കല്‍ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം
|ഒത്തുതീര്‍പ്പ് സാധ്യമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍
മെഡിക്കല്‍ കോളജ് മാനേജ്മെന്റ് പ്രതിനിധികൾ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എല്ലാ സീറ്റുകളിലേക്കും സര്‍ക്കാര്‍ വഴി പ്രവേശം നടത്തണമെന്ന ആവശ്യം മാനേജ്മെന്റുകൾ അംഗീകരിച്ചില്ല. മുഖ്യമന്ത്രിയെ കണ്ട് നിലപാട് അറിയിക്കും. ഒത്തുതീര്‍പ്പ് സാധ്യമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
കല്പിത സര്‍വകലാശാല, സ്വകാര്യ കോളജുകള്‍ എന്നിവിടങ്ങളിലുൾപ്പെടെ മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ വഴി പ്രവേശം നടത്തണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്ന കാര്യത്തിലായിരുന്നു സര്‍ക്കാറും മാനേജ്മെന്റുകളും തമ്മിലെ പ്രധാന തര്‍ക്കം. ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ സര്‍ക്കാറിനെ അറിയിച്ചു. ഇതേ നിലപാട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കും. സര്‍ക്കാറുമായി ഒത്തുതീര്‍പ്പ് സാധ്യമായില്ലെങ്കില്‍ പ്രവേശ നടപടികളുമായി സ്വന്തം നിലക്ക് മുന്നോട്ടുപോവുകയോ ഹൈക്കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കുകയോ ചെയ്യുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
കേന്ദ്ര നിര്‍ദേശം നടപ്പാക്കണമെന്ന് കാണിച്ച് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി നേരത്തെ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഈ നിലപാട് മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഫീസ് ഘടന, എന്‍ആര്‍ഐ സീറ്റുകളിലെ പ്രവേശം എന്നീ കാര്യങ്ങളിലും മാനേജ്മെന്റുകളുമായി ധാരണയിലെത്തേണ്ടതുണ്ട്. നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് ഈ മാസം 22 മുതല്‍ അലോട്മെന്റ് പ്രക്രിയകള്‍ ആരംഭിക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. മാനേജ്മെന്റുകളുമായി ധാരണയായില്ലെങ്കില്‍ ഇത്തവണത്തെ മെഡിക്കല്‍ പ്രവേശ നടപടികള്‍ പ്രതിസന്ധിയിലായേക്കും.