ലളിതകലാ അക്കാദമിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്
|അക്കാദമികളെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു
ലളിതകലാ അക്കാദമിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. സാംസ്കാരിക വകുപ്പിന് കീഴിലെ അക്കാദമികളില്‍ നടക്കുന്ന ആഭ്യന്തര പരിശോധനക്കിടയിലാണ് ലളിത കലാ അക്കാദമിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയത്. അക്കാദമികളെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ അക്കാദമി പ്രവര്‍ത്തനങ്ങളെയും ഇടപാടുകളെയും കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന തുടങ്ങിയത്. ലളിത കലാ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി ,ചലച്ചിത്ര അക്കാദമി എന്നിവിടങ്ങളിലാണ് പരിശോധന ആരംഭിച്ചത്. ലളിത കലാ അക്കാദമിയില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ കണ്ടെത്തിയതായാണ് വിവരം. പരിപാടികള്‍ നടത്താന്‍ വേണ്ടി പിന്‍വലിച്ച് മിച്ചം വന്ന തുക തിരിച്ചടിച്ചില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രാഥമികമായി കണ്ടെത്തിയത്. അന്താരാഷ്ട്ര നാടകോത്സവം, നാടക അവാര്‍ഡ് വിതരണം, കലാകാരന്‍മാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയിലൊക്കെ ക്രമക്കേടുള്ളതായി ആരോപണമുണ്ട്. ആഭ്യന്തര പരിശോധന പോരെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യം. എത്രയും പെട്ടെന്ന് പരിശോധന പൂര്‍ത്തിയാക്കാന് തീരുമാനം. ആവശ്യമെങ്കില്‍ വിശദ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമെന്നാണ് സൂചന.