Kerala
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരില്‍ മാത്രം ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരില്‍ മാത്രം ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍
Kerala

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരില്‍ മാത്രം ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍

Khasida
|
13 Feb 2017 5:14 AM GMT

308 രാഷ്ട്രീയ അക്രമകേസുകള്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍. സെപ്തംബര്‍ വരെ 308 രാഷ്ട്രീയ അക്രമ കേസുകള്‍ ജില്ലയില്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ടു. 833 പേരാണ് പ്രതിപ്പട്ടികയില്‍ ഉളളത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പിണറായിയില്‍ എല്‍.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ടതോടെയാണ് ജില്ലയില്‍ തെരഞ്ഞെടുപ്പിനു ശേഷമുളള കൊലപാതക പരമ്പര ആരംഭിക്കുന്നത്. തുടര്‍ന്ന് ഇന്നലെ വരെയുളള കണക്കനുസരിച്ച് ആറ് പേരാണ് വിവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ജില്ലയില്‍ കൊല ചെയ്യപ്പെട്ടത്. ഇതില്‍ മൂന്ന് പേര്‍ സി.പി.എമ്മുകാരും മൂന്ന് പേര്‍ ബി.ജെ.പി പ്രവര്‍ത്തകരുമാണ്.

ഇതിനു പുറമെയാണ് കൂത്തുപറമ്പ് കോലക്കാവില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. മെയ് മുതല്‍ സെപ്തംബര്‍ മാസം വരെയുളള കാലയളവില്‍ 308 രാഷ്ട്രീയ അക്രമ കേസുകള്‍ ജില്ലയില്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ടു. 833 പേരാണ് ഈ കേസുകളില്‍ പ്രതിപ്പട്ടികയിലുളളത്. വിവിധ കേസുകളിലായി 190 ബി.ജെ.പി പ്രവര്‍ത്തകരെയും 458 സി.പി.എം പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. ശാരീരിക ആക്രമണത്തിനിരയായവരില്‍ 69 പേര്‍ സി.പി.എം പ്രവര്‍ത്തകരും 89 പേര്‍ ബി.ജെ.പി പ്രവര്‍ത്തകരുമാണ്. ഇവരില്‍ പലരും ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

മെയ് മാസത്തിനു ശേഷം നടത്തിയ റെയ്ഡില്‍ മാത്രമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വടിവാളുകളും ബോംബുകളുമടക്കം 300ല്‍ അധികം ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അടുത്ത ആക്രമണത്തിനായി അണിയറയില്‍ ആരൊക്കെയോ കോപ്പു കൂട്ടുന്നു എന്നതിന്റെ തെളിവാണ് ദിനം പ്രതി പോലീസ് കണ്ടെടുക്കുന്ന ഈ ആയുധശേഖരം.
.

Related Tags :
Similar Posts