Kerala
ചേര്‍ത്തല-കായംകുളം റോഡ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്ചേര്‍ത്തല-കായംകുളം റോഡ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്
Kerala

ചേര്‍ത്തല-കായംകുളം റോഡ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്

Khasida
|
18 Feb 2017 10:38 AM GMT

ഗവര്‍ണറുടെ പ്രസംഗത്തില്‍ പറഞ്ഞിരുന്ന സോഷ്യല്‍ ഓഡിറ്റിംഗ് സംസ്ഥാനത്ത് ആദ്യം നടക്കുന്നത് ആലപ്പുഴയിലാണ്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുതല്‍ കായംകുളം വരെയുള്ള ദേശീയപാതയുടെ നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. നിര്‍മാണത്തിലെ പാകപ്പിഴയും ഉദ്യോഗസ്ഥരുടെ വീഴ്ചയുമാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമെന്നാണ് സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി രൂപീകരിച്ച അഞ്ചംഗസമിതിയുടെ റിപ്പോര്‍ട്ട് പൊതുമരാമത്ത് മന്ത്രിക്ക് കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷനും ചേര്‍ത്തല, കായംകുളം നഗരസഭയുടെ അധ്യക്ഷന്മാര്‍, പൊതുമരാമത്ത് സാങ്കേതിക വിദഗ്ധന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയുടെ പ്രധാന കണ്ടെത്തല്‍ ഇങ്ങനെ. കോടികള്‍ മുടക്കി റോഡ് നിര്‍മാണം നടക്കുമ്പോള്‍ ഉത്തരവാദപ്പട്ട സാങ്കേതി വിദഗ്ധര്‍ ഉണ്ടാവാറില്ല. ഇത് കാരണം സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണ് നിര്‍മാണം നടത്തുന്നത്. ടാറിന്റെ അളവ്, മെറ്റലും ടാറും തമ്മിലെ അനുപാതം, തുടങ്ങിയ കാര്യങ്ങളില്‍ സൂക്ഷ്മതകളില്ലാതാവുന്നു. ഇതിലുടെ കരാറുകാരന്റെ താത്പര്യമാണ് സംരക്ഷിക്കുന്നത്. റോഡിന്റെ വശങ്ങളില്‍ വെള്ളമൊഴുകുന്നതിനുള്ള സൌകര്യമൊരുക്കി ഓടകള്‍ നിര്‍മിക്കണമെന്ന നിര്‍ദേശവും നടപ്പിലായിട്ടില്ലെന്നും സമിതി കണ്ടെത്തി.

നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ സമിതി പരിഹാരങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കുഴികളില്‍ ഒന്നര ഇഞ്ച് മെറ്റല്‍ ഇടുന്നതിനു മുമ്പ് കുഴി ചതുരത്തില്‍ വെട്ടുകയും അളവ് രേഖപ്പെടുത്തുകയും വേണം. ആവശ്യമുള്ള ഭാഗങ്ങളില്‍ പുതിയ ഓടകള്‍ നിര്‍മിക്കണം. മഴക്കാലത്തിനു മുമ്പ് പ്രവര്‍ത്തന സജ്ജമാക്കാന്‍ മുന്തിയ പരിഗണന നല്‍കണം. ഇതിനായ് ബന്ധപ്പെട്ട ഓഫീസുകളിൽ രജിസ്റ്റര്‍ സൂക്ഷിക്കുകയും ഇത് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും വേണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഗവര്‍ണറുടെ പ്രസംഗത്തില്‍ പറഞ്ഞിരുന്ന സോഷ്യല്‍ ഓഡിറ്റിംഗ് സംസ്ഥാനത്ത് ആദ്യം നടക്കുന്നത് ആലപ്പുഴയിലാണ്.

Similar Posts