ഇനിയും വൈദ്യുതിയെത്താതെ പോങ്ങുംമൂട് ആദിവാസി കോളനി
|സോളാര്‍ വൈദ്യുതി പാനല്‍ സ്ഥാപിക്കാന്‍ മുടക്കിയ ലക്ഷങ്ങള്‍ പാഴായി പോയി
എറണാകുളം ജില്ലയിലെ ഇടമലയാര്‍ അണക്കെട്ടിന് സമീപത്തെ പോങ്ങുംമൂട് ആദിവാസി കോളനിയില്‍ ഇതുവരെ വൈദ്യുതിയെത്തിയിട്ടില്ല.സോളാര്‍ വൈദ്യുതി പാനല്‍ സ്ഥാപിക്കാന്‍ മുടക്കിയ ലക്ഷങ്ങള്‍ പാഴായി പോയി.രാത്രി കാലങ്ങളിലാവട്ടെ കാട്ടാന ശല്യവും രൂക്ഷമാണ്.
രാത്രിയായാല്‍ ഇവിടെയാരും പുറത്തിറങ്ങില്ല. വെളിച്ചമില്ലാത്തതുകൊണ്ട് കാട്ടാനയുണ്ടെങ്കില് കാണില്ല. ഇരുട്ടത്ത് കാട്ടാനയുടെ മുന്നില്‍ പെട്ട് അക്രമത്തിനിരയായവര്‍ അനവധിയുണ്ട് കോളനിയില്‍. തൊട്ടുമുന്പില് കാട്ടാന നിന്നാല്‍ പോലും പെട്ടെന്ന് കാണില്ല. നൂറ് കുടുംബങ്ങളുണ്ട് ഈ കോളനിയില്‍.കുട്ടികള്‍ക്ക് പഠിക്കാന്‍ രാത്രി മണ്ണെണ്ണ വിളക്ക് തന്നെ ആശ്രയം.
കോളനിയില്‍ സോളാര്‍ വൈദ്യുതി പാനല്‍ സ്ഥാപിക്കാനുള്ള പദ്ധതി പിന്നീട് വലിയ അഴിമതിയ്ക്കുള്ള സാധ്യതയായി .കുറെ ലോഹപലകകള് ഇവിടെ അവശേഷിക്കുന്നുണ്ട് പദ്ധതിയുടെ ബാക്കിപത്രമായി കോളനിയില്‍ വൈദ്യുതിയെത്തിക്കുമെന്നത് എല്ലാ തെരഞെടുപ്പ് കാലത്തെയും വാഗ്ദാനമാണ്.പക്ഷെ ഒരുകാലത്തും നടക്കുകയുണ്ടായില്ല. കാട്ടാനയും ഇരുട്ടുമൊക്കെയായി ജീവതദുരിതങ്ങളോട് പോരടിക്കുകയാണ് എല്ലാക്കാലത്തും ഇവിടത്തുകാര്‍.