കത്തിന് പിന്നില്‍ ഗൂഢാലോചന; നിയമപരമായി നേരിടും: ഉമ്മന്‍ചാണ്ടി
|സരിത എസ് നായരുടെ കത്തിന് പിന്നില്‍ മദ്യവ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സരിത എസ് നായരുടെ കത്തിന് പിന്നില്‍ മദ്യവ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഏറ്റവുമധികം ആരോപണ വിധേയനായ ആള്‍ താനാണെന്നും അന്തിമ സ്ഥാനാര്‍ഥി ലിസ്റ്റ് വരുന്നതോടെ ജനത്തിന് എല്ലാം മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യത ഇല്ലാതാക്കാനാണ് ഇപ്പോള്‍ കത്ത് ഉയര്‍ത്തിക്കൊണ്ടു വന്നതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതിന് പിന്നില്‍ സര്‍ക്കാര്‍ നയം മൂലം നഷ്ടം നേരിട്ട ഒരു വിഭാഗം മദ്യ വ്യവസായികളും യുഡിഎഫ് തോറ്റാല്‍ നേട്ടം ലഭിക്കുന്നവരും ഉണ്ട്. ആരോപണവിധേയര്‍ മത്സരരംഗത്തുണ്ടോയെന്ന ചോദ്യത്തിന് ഏറ്റവുമധികം ആരോപണ വിധേയനായ വ്യക്തി താനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വി എം സുധീരന്‍ നല്ല പൊതുപ്രവര്‍ത്തകനും കെപിസിസി പ്രസിഡന്റുമാണ്. സ്ഥാനാര്‍ഥി തര്‍ക്കവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും യാഥാര്‍ഥ്യവും തമ്മില്‍ അന്തരമുണ്ട്. തൃക്കാക്കരയില്‍ മാറ്റമുണ്ടാകുമോയെന്ന് അന്തിമ ലിസ്റ്റ് വരുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹൈകമാന്‍ഡ് തീരുമാനം വരുമ്പോള്‍ എല്ലാവര്‍ക്കും സംതൃപ്തിയുണ്ടാകും. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.