അഭിഭാഷകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് പിണറായി വിജയന്
|ചിലര്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
കോടതികളിൽ അഭിഭാഷകരുടെ മാധ്യമ വിലക്ക് തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ മാധ്യമപ്രവർത്തകർക്ക് അനുവാദമില്ലാത്ത സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
വഞ്ചിയൂർ വിജിലൻസ് കോടതിയിൽ അഭിഭാഷകരുടെ കൈയ്യേറ്റത്തിന് ഇരയായ മാധ്യമപ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഒരു വിഭാഗം അഭിഭാഷകർ ഒരു തരത്തിലുമുള്ള ഒത്തുതീർപ്പിനും വഴങ്ങുന്നില്ല. ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കിൽ സർക്കാരിന് കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തത് ഗുരുതരമാണെന്നും ഇത് സർക്കാരിന്റെ ബലഹീനതയാണെന്നും സബ്മിഷനിലൂടെ ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തിന്റെ റേഷൻ സമ്പ്രദായം തകർക്കുന്ന നിലപാടുകളാണ് കേന്ദ്രം തുടരുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. റേഷൻ മുൻഗണനാ പട്ടിക സോഷ്യൽ ഓഡിറ്റിങ്ങിന് ശേഷമേ പ്രസിദ്ധീകരിക്കൂവെന്നു ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനും സഭയിൽ പറഞ്ഞു.