കല്‍പറ്റയില്‍ കടുത്ത മത്സരം
|യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ വയനാട്ടിലെ കല്‍പറ്റ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു.
യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ വയനാട്ടിലെ കല്‍പറ്റ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടുകള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഓരോ സ്ഥാനാര്‍ഥിയും നടത്തുന്നത്.
യുഡിഎഫിലാണ് സ്ഥാനാര്‍ഥി നിര്‍ണയം ഏറ്റവും ഒടുവില്‍ പൂര്‍ത്തിയായത്. ജനതാദള്‍ യുനൈറ്റഡ് മത്സരിക്കുന്ന മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ എം വി ശ്രേയാംസ് കുമാര്‍ തന്നെയാണ് കളത്തില്‍. എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനോടെയാണ് കല്‍പറ്റ മണ്ഡലത്തിലും യുഡിഎഫിന്റെ പരസ്യ പ്രചാരണം ആരംഭിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ശശീന്ദ്രന്റെ ജനകീയത തന്നെയാണ് എല്‍ഡിഎഫിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതും. നേരത്തെ പ്രചാരണം തുടങ്ങിയ എല്‍ഡിഎഫ് ഇപ്പോള്‍ തന്നെ രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ. സദാനന്ദനാണ്. ബിജെപി എന്നതില്‍ നിന്നു വിട്ട് എന്‍ഡിഎ മുന്നണിയില്‍ ജനവിധി തേടുമ്പോള്‍ കൂടുതല്‍ പ്രതീക്ഷയാണ് ബിജെപി പുലര്‍ത്തുന്നത്.
യുഡിഎഫിന്റെ എക്കാലത്തെയും സുരക്ഷിത കോട്ടയായ കല്‍പറ്റയില്‍ ഇത്തവണ വിജയിച്ചു കയറാമെന്ന വലിയ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് മുന്‍പോട്ട് വെയ്ക്കുന്നത്.