Kerala
Kerala

ഇടതു സര്‍ക്കാരിന് തലവേദനയായി എംകെ ദാമോദരന്‍

Alwyn
|
21 Feb 2017 2:20 PM GMT

ദാമോദരന്റ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. എല്‍ഡിഎഫിനുളളിലും ദാമോദരനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ടെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതുമായി ബന്ധപ്പെട്ട വിവാദം എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദനയാകുന്നു. ദാമോദരന്റ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. എല്‍ഡിഎഫിനുളളിലും ദാമോദരനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ടെന്നാണ് സൂചന.

ഒന്നര മാസം പിന്നിടുന്ന പിണറായി വിജയന്‍ സര്‍ക്കാരിനു മുന്നിലെ ആദ്യ വെല്ലുവിളിയാവുകയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരനെ ചൊല്ലിയുളള വിവാദങ്ങള്‍. ലോട്ടറി തട്ടിപ്പില്‍ ആരോപണ വിധേയനായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ എംകെ ദാമോദരന്റ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശമുയര്‍ത്തിക്കഴിഞ്ഞു. മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

എംകെ ദാമോദരന്റ നടപടിക്കെതിരെ എല്‍ഡിഎഫിനുളളിലും ശക്തമായ എതിര്‍പ്പുണ്ട്. സിപിഐ അടക്കമുളള കക്ഷികള്‍ തങ്ങളുടെ വിയോജിപ്പ് എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്. വിഎസ് അച്യുതാനന്ദന്റ ഇക്കാര്യത്തിലുളള നിലപാടും നിര്‍ണ്ണായകമാകും. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുന്നതിന് കൂട്ട്‌നിന്നയാളാണ് എംകെ ദാമോദരനെന്ന് വിഎസ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ദാമോദരനെ നിയമോപദേഷ്ടാവാക്കിയതിലെ എതിര്‍പ്പാണ് ഇതിലൂടെ വിഎസ് വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‍വി മാര്‍ട്ടിനു വേണ്ടി ഹാജരായത് വലിയ വിവാദമായിരുന്നു. സമാന ആരോപണമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ ഇപ്പോള്‍ തിരിച്ചടിക്കുന്നത്.

Related Tags :
Similar Posts