നെയ്യാര്‍ അന്തര്‍ സംസ്ഥാന നദിയാണോയെന്ന് പരിശോധിക്കും: സുപ്രീം കോടതി
|നെയ്യാറിൽ നിന്ന് തമിഴ്നാടിന് വെള്ളം നൽകാൻ കേരളത്തിന് നിയമപരമായ ബാദ്ധ്യതയുണ്ടോ എന്ന കാര്യവും കോടതി പരിശോധിക്കും
നെയ്യാർ അന്തർസംസ്ഥാന നദിയാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി . നെയ്യാറിൽ നിന്ന് തമിഴ്നാടിന് വെള്ളം നൽകാൻ കേരളത്തിന് നിയമപരമായ ബാദ്ധ്യതയുണ്ടോ എന്ന കാര്യവും കോടതി പരിശോധിക്കും. തർക്കവുമായി ബന്ധപ്പെട്ട 11 പരിഗണനാ വിഷയങ്ങൾക്ക് കോടതി രൂപം നൽകി. കേരളത്തിന്റെ എതിർപ്പിനെ തുടർന്ന് രണ്ട് പരിഗണനാ വിഷയങ്ങൾ കോടതി ഭേദഗതി ചെയ്തു.
നെയ്യാറിൽ നിന്ന് വെള്ളം നൽകുന്നത് നിർത്തിവച്ച കേരളത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് തമിഴ്നാട് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ചത്. 1965 മുതൽ ജലസേചനത്തിനു പ്രതിദിനം 150 ക്യൂസെക്സ് വെള്ളം നൽകിയിരുന്നത് 2004 ൽ കേരളം നിര്‍ത്തിവെച്ചിരുന്നു. ഈ നടപടി ഏകപക്ഷീയമായാണെന്നാണ് തമിഴ്നാടിന്റെ പരാതി. കേസിൽ കോടതി നിർദ്ദേശപ്രകാരം ഇരുസംസ്ഥാനങ്ങളും ചർച്ചചെയ്തു തയ്യാറാക്കിയ കരട് പരിഗണനാവിഷയങ്ങള്‍ക്ക് കോടതി ഇന്ന് അന്തിമ രൂപം നൽകി.
നെയ്യാർ അന്തർസംസ്ഥാന നദിയാണോ എന്നതാണ് പ്രധാന പരിഗണന വിഷയം. നദിയുടെ ഏതെങ്കിലും ഭാഗം തമിഴ്നാട്ടിലൂടെ ഒഴുകുന്നുണ്ടോ? 1965 മുതൽ കേരളം തമിഴ്നാടിന് വെള്ളം നൽകുന്നത് നിയമപരമായ ബാധ്യതകൊണ്ടോ ഏതെങ്കിലും കരാറിന്റെ അടിസ്ഥാനത്തിലോ ആണോ? 2004 മുതൽ വെള്ളം നൽകുന്നത് നിർത്തിയത് നെയ്യാർ പദ്ധതിയുടെയോ സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെയും ലംഘനമാണോ? സംഭരണികളിലെയും കനാലിലെയും ശേഷികുറഞ്ഞുവെന്ന കേരളത്തിന്റെ വാദം ശാസ്ത്രീയമായി ശരിയാണോ? 2003ൽ കേരളം കൊണ്ടുവന്ന ജലസേചന നിയമപ്രകാരം തമിഴ്നാടിന് വെള്ളം നൽകുന്നത് നിർത്തിവയ്ക്കാൻ ആകുമോ തുടങ്ങിയവയാണ് കോടതി പരിശോധിക്കുന്ന മറ്റ് കാര്യങ്ങള്‍.
വെള്ളം നൽകുന്നത് ഏകപക്ഷീയമായി അവസാനിപ്പിച്ചുവെന്ന തമിഴ്നാടിന്റെ ആരോപണം കേരളത്തിന്റെ എതിർപ്പിനെ തുടർന്ന് പരിഗണനാ വിഷയങ്ങളിൽ നിന്ന് കോടതി ഒഴിവാക്കി. അതേസമയം പരിഗണനാ വിഷയങ്ങൾക്ക് ആസ്പദമായ രേഖകളും തെളിവുകളും മൂന്നാഴ്ചയ്ക്കകം സംസ്ഥാനങ്ങൾ സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കോടതി വാദം കേൾക്കുക.