നോട്ട് ക്ഷാമം: മില്‍മ വില്പനയില് വന്‍ കുറവ്
|വില്പനയില് 50,000 ലിറ്ററിന്റെ കുറവ് സംസ്ഥാനത്തുണ്ടായതായി തിരുവനന്തപുരം മേഖല ചെയര്മാന് കല്ലട രമേശ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് മില്‍മ കടുത്ത പ്രതിസന്ധിയില്‍. വില്പനയില് 50,000 ലിറ്ററിന്റെ കുറവ് സംസ്ഥാനത്തുണ്ടായതായി തിരുവനന്തപുരം മേഖല ചെയര്മാന് കല്ലട രമേശ് പറഞ്ഞു. ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് പണം കൈമാറാനാകാത്തതും മില്‍മയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നോട്ട് പിന്‍വലിച്ച സംസ്ഥാനത്ത് നവംബര്‍ 8ന് ശേഷം മില്‍മയുടെ പാലിനും മറ്റ് ഉല്പന്നങ്ങള്ക്കും വില്പനയില് വന്‍ ഇടിവുണ്ടായി. 50,000 ലിറ്ററിന്റെ കുറവാണ് മില്‍മയില്‍ ഉണ്ടായിരിക്കുന്നത്. ഇത് മില്‍മയെ കാര്യമായി ബാധിച്ചുവെന്ന് മില്‍മയുടെ മേഖല ചെയര്മാന് കല്ലട രമേശ് പറയുന്നു.
വില്പന കുറഞ്ഞതിന് പുറമെ ഡയറിലേക്കെത്തുന്ന പാലിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. 60000 ലിറ്ററിന്റെ വര്‍ധനവാണ് ഈ ഇനത്തില്‍ ഉണ്ടായിട്ടുള്ളത്. പ്രാദേശികമായുള്ള വിപണനം കുറഞ്ഞതോടെ ഇത് ഡയറിയിലേക്ക് ഒഴുകുകയാണെന്നും കല്ലട രമേശ് പറയുന്നു. ക്ഷീര സംഘങ്ങള്‍ വഴി കഴിഞ്ഞ ഒരാഴ്ചയായി കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല. സംഘങ്ങള്‍ വഴി പിന്‍വലിക്കാവുന്ന തുക 10,000 ആയി നിജപ്പെടുത്തിയതാണ് ഇതിന് കാരണം. മില്‍മയില്‍ വലിയ പ്രതീക്ഷവെച്ചു പുലര്‍ത്തിയ കര്‍ഷകര്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ് ചെയര്മാന് തന്നെ സമ്മതിക്കുന്നു. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ക്ഷീര കര്‍ഷകരുടെ പ്രതീക്ഷയായ മില്‍മ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും തിരുവനന്തപുരം മേഖല ചെയര്മാന് പറഞ്ഞു.