പട്ടികജാതിക്കാര്‍ക്കുള്ള ഭവനനിര്‍മാണം: സര്‍ക്കാര്‍ വിഹിതം തടഞ്ഞുവെക്കുന്നുവെന്ന് ആക്ഷേപം
|സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഒരു ലക്ഷമാണ് ഗുണഭോക്താക്കള്‍ക്ക് നിഷേധിക്കുന്നത്.
പട്ടികജാതി വിഭാഗത്തിന് ഭവന നിര്‍മാണത്തിനുള്ള ഇന്ദിരാ ആവാസ് യോജന പദ്ധതിയിലെ പണം സര്‍ക്കാര്‍ തടഞ്ഞുവക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഒരു ലക്ഷമാണ് ഗുണഭോക്താക്കള്‍ക്ക് നിഷേധിക്കുന്നത്. പണം നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ഇത് ലഭിക്കുന്നില്ല.
പട്ടികജാതി - പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനുള്ള രണ്ട് ലക്ഷം രൂപയുടെ ധനസഹായം കഴിഞ്ഞ സര്‍ക്കാറാണ് മൂന്ന് ലക്ഷമാക്കിയത്. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ വീടുകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പണി പൂര്‍ത്തിയായി മാസങ്ങളായിട്ടും കിട്ടിയത് രണ്ട് ലക്ഷം മാത്രം. കടം വാങ്ങിയും പലിശക്കെടുത്തും വീട് പണിതവര്‍ ഇപ്പോള്‍ കടക്കെണിയിലാണ്.
വര്‍ധിപ്പിച്ച ഒരു ലക്ഷം പട്ടികജാതി വകുപ്പാണ് നല്‍കേണ്ടത്. ഇത് ഇവര്‍ നല്‍കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പറയുന്നു. തൃശൂരിലെ മുല്ലശേരി ഗ്രാമപഞ്ചായത്ത് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. മുല്ലശേരി ബ്ലോക്ക് പഞ്ചായത്തില്‍ മാത്രം 83 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ പണം കിട്ടാനുള്ളത്. എന്നാല്‍ പണം നല്‍കുന്നുണ്ടെന്നാണ് പട്ടികജാതി വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി. മൂന്ന് വര്‍ഷത്തിനിടെ ഐഎവൈ പദ്ധതി പ്രകാരം അനുവദിച്ച 63,813 വീടുകളുടെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. അനുവദിച്ച തുക നിർമാണ ചെലവുകൾക്ക് തികയാത്തതാണ് കാരണം. ഇതിനിടയിലാണ് പണം പൂര്‍ണമായും നല്‍കാതെ വഞ്ചിക്കുന്നത്.